CMDRF

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾക്കായി 40 സീറ്റുകൾ; പ്രശാന്ത് കിഷോർ

സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്​ലിം വിഭാഗത്തിന് ബിഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എം.എൽ.എമാർ മാത്രമാണ്

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾക്കായി 40 സീറ്റുകൾ; പ്രശാന്ത് കിഷോർ
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾക്കായി 40 സീറ്റുകൾ; പ്രശാന്ത് കിഷോർ

പാട്ന: നടക്കാനിരിക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്ലീംങ്ങൾക്ക് നൽകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോർ. സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്​ലിം വിഭാഗത്തിന് ബീഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എം.എൽ.എമാർ മാത്രമാണ്. എന്നാൽ, ജൻ സൂരജ് പാർട്ടി മുസ്​ലിംകൾക്ക് 40 സീറ്റുകൾ നീക്കിവെക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ജൻ സൂരജിന് നേതൃത്വം നൽകുന്ന 25 പേരിൽ അഞ്ചോളം പേർ മുസ്ലീങ്ങളാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ട് വാങ്ങുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും മതിയായ പ്രാതിനിധ്യമോ വികസനമോ അവർക്ക് നൽകുന്നില്ല. ജനസംഖ്യാനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ മാത്രമല്ല സർക്കാറിലും മതിയായ മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Also Read: എക്‌സൈസ് കോൺസ്റ്റബിൾ ഫിസിക്കൽ ടെസ്റ്റിനിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു

ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിന്റെ താക്കോൽ തന്റെ കൈയ്യിലുണ്ടായിട്ടും നിതീഷ് മോദിയുടെ കാൽക്കൽ വണങ്ങി ബീഹാറിന്റെ മാനം വിറ്റുവെന്നും നാടിന് അപമാനം വരുത്തിവെച്ചെന്നുമാണ് പ്രശാന്ത് കിഷോർ വിമർശിച്ചത്. തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി ബീഹാറിലെ ജനങ്ങളുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യുകയാണ്. നിതീഷ് കുമാർ ആഗ്രഹിക്കുന്നില്ലെങ്കിൽ രാജ്യത്ത് സർക്കാർ രൂപീകരിക്കില്ല. അദ്ദേഹത്തിന് അത്രയധികം ശക്തിയുണ്ട്. ഈ അധികാരത്തിന് പകരം മോദിയോട് നിതീഷ് എന്താണ് ചോദിച്ചത്?’

ബീഹാറിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടില്ല. സംസ്ഥാനത്തെ ജില്ലകളിലെ പഞ്ചസാര ഫാക്ടറികൾ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ദീർഘകാല ആവശ്യമായ ബീഹാറിന് പ്രത്യേക പദവി പോലും നിതീഷ് ആവശ്യപ്പെട്ടിട്ടില്ലെന്നും കിഷോർ കുറ്റപ്പെടുത്തി.

Top