തൃശൂരിൽ നിന്നും ടി.എൻ പ്രതാപനെ പിൻവലിച്ചത് ബി.ജെ.പിയുടെ തോൽവി ഉറപ്പാക്കി മൂന്നാം സ്ഥാനത്തേക്ക് തള്ളാനാണെന്ന് കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ വി.ടി ബൽറാം.
മുസ്ലീം ലീഗ് യു.ഡി.എഫിൽ തുടരുമെന്നും അവർ സി.പി.എം ഉണ്ടാക്കുന്ന കുത്തിത്തിരിപ്പിൽ വീഴില്ലന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ബൽറാം പറഞ്ഞു. പത്മജയെയും അനിൽ ആൻ്റണിയെയും കിട്ടിയതു കൊണ്ട് എന്ത് ഗുണമാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന് ഇപ്പോൾ കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.
എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്നും . . .
കേരളത്തിലെ കോൺഗ്രസ്സിൻ്റെ സാധ്യത എത്രത്തോളമാണ് ? എത്ര സീറ്റിൽ വിജയിക്കും ?
ഇത്തരത്തിലൊരു ഇലക്ഷൻ ഇതിനുമുൻപ് രാജ്യത്ത് നടന്നിട്ടില്ല. കാരണം അത്രത്തോളം പ്രതിപക്ഷ മുക്തഭാരതം എന്ന അപ്രഖ്യാപിത ലക്ഷ്യവുമായിട്ടാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഇതിനെ നേരിടുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എല്ലാ ഏജൻസികളെയും ഇന്ന് ബിജെപിയുടെ പോഷക സംഘടനകളാക്കി അധഃപതിപ്പിച്ചുകൊണ്ട് പ്രതിപക്ഷത്തെ ശ്വാസംമുട്ടിക്കുന്ന തരത്തിലാണ് മോദി സർക്കാർ ഈ രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടിരിക്കുന്നത്. പക്ഷെ അതിനെ ഞങ്ങൾ അതിജീവിക്കും. കഴിഞ്ഞ തവണ കേരളത്തിൽ 20 സീറ്റിൽ 19 സീറ്റിലും ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമാണ് കേരളത്തിലെ ജനങ്ങൾ നിന്നത്. ഇപ്രാവശ്യം കഴിഞ്ഞ തവണ കൈവിട്ട ആലപ്പുഴയടക്കം 20 ൽ 20 ഉം നേടും എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. കാരണം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് നേരിട്ട് പിന്തുണ നൽകുക എന്നുള്ളതാണ് നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള ഏക പോംവഴി എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. ഇന്ത്യ തിളങ്ങുന്നു. നരേന്ദ്രമോദിയുടെ വലിയ രീതിയിലുള്ള പ്രചരണങ്ങളും ഗ്യാരണ്ടികളെ കുറിച്ചുള്ള വലിയ പ്രഖ്യാപനങ്ങളും ഒക്കെ അരങ്ങ് തകർക്കുമ്പോഴും ഈ രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ ഞങ്ങൾക്ക് ചോദിക്കാനുള്ളത് കഴിഞ്ഞ 10 വർഷത്തെ അവരുടെ അനുഭവങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടാണ്. വർഷംതോറും രണ്ടു കോടി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോദി പത്ത് വർഷം പിന്നിടുമ്പോൾ ബംഗ്ലാദേശിന്റെ ഇരട്ടി തൊഴിലില്ലായ്മ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കർഷക വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ മറുഭാഗത്ത് ഓരോ ദിവസവും 34 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന നരേന്ദ്രമോദിയുടെ കീഴിൽ, മണിപ്പൂരിൽ നമ്മൾ കണ്ടത് നമ്മുടെ സഹോദരിമാർ വസ്ത്രം പോലും ധരിക്കാനാകാതെ നടുറോട്ടിലൂടെ നടത്തിക്കുന്ന സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഭീകരതയാണ്. ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ നരേന്ദ്രമോദി താഴെ ഇറങ്ങണമെന്നുള്ള ആഗ്രഹം ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ട്.
എന്തിനാണ് തൃശൂരിൽ നിന്നും ടി.എൻ പ്രതാപനെ മാറ്റിയത് ?
അഞ്ചുവർഷം ജനപ്രതിനിധിയായി പ്രവർത്തിച്ച നിലയിൽ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കാൻ സന്നദ്ധനായി കടന്നുവന്ന ആളാണ് പ്രതാപൻ.പക്ഷേ ആ സാഹചര്യത്തിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന രാഷ്ട്രീയ തീരുമാനം എടുക്കേണ്ടതായി വന്നു. ബിജെപിയെ വീഴ്ത്താൻ ആർക്കാണ് കഴിയുക എന്ന ചോദ്യത്തിന്റെ രാഷ്ട്രീയ ഉത്തരമായിട്ടാണ് വടകരയിൽ നിന്ന് തൃശ്ശൂരിലേക്ക് കെ മുരളീധരനെ നിയോഗിക്കേണ്ടിവന്നത്.
ഷാഫി പറമ്പിൽ എം.എൽ.എ വടകരയിൽ മത്സരിക്കാൻ പോയത് , തോൽക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണോ ?
വടകരയിലും തൃശ്ശൂരിലും കോൺഗ്രസ് ആർജ്ജവത്തോടുകൂടിയുള്ള ഒരു തീരുമാനം എടുത്തത് ബിജെപിയെ പരാജയപ്പെടുത്താനായിട്ടാണ്. കെ സുരേന്ദ്രൻ എന്ന ബിജെപിയുടെ പ്രസിഡന്റ് ആണ് പറയുന്നത് ഈ രണ്ടു പരീക്ഷണങ്ങളും കോൺഗ്രസ്സിന് കൈപൊള്ളുമെന്ന് എന്നാൽ ഇവിടെ സിപിഎമ്മിന് കൈപൊള്ളുമെന്ന് സുരേന്ദ്രന് ഒരു കാരണവശാലും പറയാൻ സാധിക്കുന്നില്ല. മാത്രവുമല്ല വടകരയിൽ രണ്ട് സിറ്റിംഗ് എംഎൽഎ മാരാണ് മുന്നണികളുടെ ഭാഗമായി മത്സരിക്കുന്നത്. സ്വാഭാവികമായും ആര് ജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് വരികയും ചെയ്യും. സിപിഎമ്മിന് വേണ്ടി ഈ തിരഞ്ഞെടുപ്പിൽ 20 സീറ്റിലും കാണാൻ സാധിക്കുന്നത് സിപിഎമിന്റെയും ബിജെപിയുടെയും പരസ്യമായിട്ടുള്ള ബന്ധവമാണ്. വടകരയിലും തൃശ്ശൂരിലും ഞങ്ങൾ ജയിക്കും 20 സീറ്റും ഞങ്ങൾ നേടും.
ഷാഫി വിജയിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടില്ലേ ?
ഇല്ല.പാലക്കാട് ഞങ്ങൾക്കൊരു രാഷ്ട്രീയ ദൗത്യം ഉണ്ടായിരുന്നു. ബിജെപിയെ കേരളത്തിലെ അക്കൗണ്ട് തുറക്കാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആയിട്ടാണ് കഴിഞ്ഞ തവണ പാലക്കാട് സ്ഥാനാർഥി സ്വയം പ്രതിഷ്ഠിച്ചതെന്ന് നമുക്കറിയാം. അവിടെ കൃത്യമായിട്ടുള്ള പോരാട്ടം നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി യുഡിഎഫിനു വേണ്ടി സീറ്റ് നിലനിർത്തിയതാണ് . അതേ രീതിയിൽ തന്നെ ഇനിയും മുന്നോട്ടു പോകാൻ സാധിക്കും. ഷാഫി ജയിച്ച പോലെ തന്നെ നല്ല രീതിയിലുള്ള ഒരു വിജയം യുഡിഎഫിന്റെ സ്ഥാനാർഥിക്ക് ഉണ്ടാകും.
മുസ്ലിംലീഗ് ഇല്ലാതെ കേരളത്തിൽ കോൺഗ്രസ്സിന് നിലനിൽപ്പുണ്ടോ ?
ചോദിക്കേണ്ട കാര്യമില്ലല്ലോ! മുസ്ലിം ലീഗ് കഴിഞ്ഞ നാല് പതിറ്റാണ്ടായി ഞങ്ങളുടെ ഒപ്പമുള്ള കക്ഷിയാണ്. അവരില്ലാതെ എന്ന് പറയുന്നത് ഒരു സങ്കല്പിക ചോദ്യമല്ലേ, ഉണ്ടല്ലോ എല്ലാ കാലത്തും. ഇതിനെക്കാൾ വലിയ കുത്തിത്തിരിപ്പ് സി.പി.എമും മറ്റു ഉണ്ടാക്കുന്ന സമയത്തും അതിനെയൊക്കെ നിർത്തേണ്ടിടത്ത് നിർത്തി കൃത്യമായി തീരുമാനമെടുക്കുന്ന പാർട്ടി ആണല്ലോ മുസ്ലിം ലീഗ്. അത് ഈ രാജ്യത്തിന്റെ സമൂർത്തമായ സാഹചര്യങ്ങളെ കൃത്യമായിട്ട് വിലയിരുത്തുന്നത് കൊണ്ടാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് ലീഗിനറിയാം. ലീഗ് കൂടെ ഉണ്ടാകണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസ്സിനും കൃത്യമായ ബോധ്യമുണ്ട്.
യു.ഡി.എഫിന് പത്തിൽ കുറവ് സീറ്റ് ലഭിച്ചാൽ ലീഗ് മുന്നണി വിടുമെന്ന പ്രചരണം ശക്തമാണ്, അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ?
20 ൽ 20 സീറ്റും ഞങ്ങൾ നേടും.. തകർച്ച നേടാൻ പോകുന്നത് സിപിഎമ്മിനും എൽഡിഎഫിനുമകത്താണ്.
ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ ?
ഇല്ല. 20 സീറ്റും യുഡിഎഫ് നേടും. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് മാത്രമല്ല ഒരു സീറ്റിലും രണ്ടാംസ്ഥാനത്ത് പോലും വരാനുള്ള സാഹചര്യം പോലും ഇല്ല എന്നുള്ളതാണ് ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടാണ് തൃശ്ശൂരിലടക്കം കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർഥിയെ നിർത്തി ബിജെപി മൂന്നാം സ്ഥാനത്ത് തന്നെ ആയിരിക്കും എന്നുറപ്പ് വരുത്താനായി ഞങ്ങൾ മുന്നോട്ടു പോകുന്നത്.
പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പി ആകുകയാണ്. എന്താണ് ഇതിനു കാരണം?
ഇന്ത്യയിൽ പ്രതിപക്ഷത്തെ വേട്ടയാടുക എന്ന് പറയുന്നത് ബിജെപിയുടെ ഒരു പതിവ് തന്ത്രമാണ്. അതിന് അവർ ഇ ഡി യെ ഉപയോഗിക്കും, പ്രലോഭനങ്ങൾ നൽകും, പല തരത്തിലുള്ള രാഷ്ട്രീയ സമ്മർദങ്ങൾ സൃഷ്ടിക്കും, അതിന്റെയൊക്കെ ഇരകളാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ. സ്വഭാവികമായും ബിജെപിയുമായി പല സംസ്ഥാനങ്ങളിലും നേരിട്ടേറ്റുമുട്ടുന്ന പാർട്ടി എന്ന നിലയിൽ കോൺഗ്രസിൽ നിന്ന് കുറച്ചുപേർ പോയിട്ടുണ്ട്. അതോടൊപ്പം തന്നെ ബിഎസ്പി മമതാ ബാനർജിയുടെ എൻ സി പിയിൽ നിന്നും പോയിട്ടുണ്ട്. എന്നാൽ ഈ പാർട്ടികളിൽ നിന്നെല്ലാം കോൺഗ്രസ്സിൽലേക്ക് ആളുകൾ കടന്നു വന്നിട്ടുണ്ട്. ബിജെപിയിൽ നിന്ന് നിരവധി നേതാക്കന്മാർ ഈ ദിവസങ്ങളിലടക്കം തെലുങ്കാന, രാജസ്ഥാൻ, ജമ്മു കാശ്മീരിൽ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. ഇലക്ഷൻ അടുക്കുമ്പോൾ ഇത്തരത്തിലുള്ള മാറ്റങ്ങളൊക്കെ എല്ലാ സംസ്ഥാനങ്ങളിലും പതിവുള്ളതാണ്.
പത്മജയും അനിൽ ആൻ്റണിയും ബി.ജെ.പിയിൽ എത്തിക്കഴിഞ്ഞു , ഇനി ആരും പോകില്ലന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ ?
ഈ പറഞ്ഞ ആളുകൾ പോയതുകൊണ്ട് കോൺഗ്രസ്സിൽ ഉണ്ടായ നഷ്ടം എന്താണെന്ന് എല്ലാവർക്കും മനസ്സിലായ കാര്യമാണ്. ഇവരെ കിട്ടിയതുകൊണ്ടുള്ള ഗുണം എന്താണ് എന്നുള്ളത് എല്ലാവരും കണ്ടതാണ്. പോകുന്ന ആളുകൾക്ക് അത്ര വിലയേ ഉള്ളൂ.അതുകൊണ്ട് അതിനെക്കുറിച്ച് ആശങ്കപെടുന്നില്ല.
അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക