മനാമ: എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഇതുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ എന്നിവർ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് നിവേദനം സമർപ്പിച്ചു.
ഹാൻഡിൽകാരിയായി കൊണ്ടുപോകുന്ന ലാപ്ടോപ്പിന് പോലും എയർ ഇന്ത്യ എക്സ്പ്രസ് ഒഴിവു നൽകുന്നില്ല. മറ്റെല്ലാ വിമാനക്കമ്പനികളും ലാപ്ടോപ്പിന് ഒഴിവ് നൽകുന്നുമുണ്ട്. ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കൊണ്ടുവന്ന പുതിയനയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകൾ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. യു.എ.ഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് നിരക്കിൽ കൊണ്ടുവന്ന മാറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നിവേദനത്തിലുണ്ടായിരുന്നു.
Also Read: യുഎഇയിലെ സർക്കാർ മേഖലയിലെ നബിദിന അവധി പ്രഖ്യാപിച്ചു
സാധാരണക്കാരിൽ സാധാരണക്കാരായ പ്രവാസികൾ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഈ നയം തിരുത്തണമെന്നും അല്ലാത്തപക്ഷം കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പ്രസ്താവനയിൽ പറഞ്ഞു.