കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസലിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണു അന്വേഷണസംഘം.
നടി പ്രയാഗ മാര്‍ട്ടിനും നടന് ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന് സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര് വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം.