യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ ഇളക്കിമറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത ചിത്രം പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ മാസം 12 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുക. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററുകളില്‍ 50 ദിവസങ്ങള്‍ പിന്നിട്ടത്. നിലവില്‍ 381 തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. അന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 130 കോടിയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 10 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 17 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ 10.1 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്. റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്. നേരത്തെ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമ എന്ന റെക്കോര്‍ഡ് പ്രേമലു നേടിയിരുന്നു. തെലുങ്കില്‍ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ തെലുങ്ക് സംസ്ഥാനങ്ങളിലെ ഒന്നാമനായത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്.
മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു.