CMDRF

അറബ്-ചൈനീസ് സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി, യു.എ.ഇ പ്രസിഡന്റ്

അറബ്-ചൈനീസ് സഹകരണം  ശക്തിപ്പെടുത്താനൊരുങ്ങി, യു.എ.ഇ  പ്രസിഡന്റ്
അറബ്-ചൈനീസ് സഹകരണം  ശക്തിപ്പെടുത്താനൊരുങ്ങി, യു.എ.ഇ  പ്രസിഡന്റ്

ദുബൈ: അറബ്-ചൈനീസ് സഹകരണം ശക്തിപ്പെടുത്താന്‍ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ അദ്ദേഹം 10-ാമത് ചൈന-അറബ് രാഷ്ട്ര സഹകരണ ഫോറത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങും വിവിധ അറബ് രാഷ്ട്രങ്ങളിലെ മുതിര്‍ന്ന നേതാക്കളും ഫോറത്തില്‍ സന്നിഹിതരായിരുന്നു. യോഗത്തിന് ആതിഥേയത്വംവഹിച്ചതിനും അധ്യക്ഷനായതിനും പ്രസിഡന്റ് ഷിജിന്‍പിങ്ങിനോട് ശൈഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ചൈന തുടര്‍ച്ചയായ വികസനവും വളര്‍ച്ചയും കൈവരിക്കുമെന്നും സമീപഭാവിയില്‍ അറബ്-ചൈനീസ് സംയുക്ത സഹകരണം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു വെല്ലുവിളികളെ നേരിടാന്‍ ലോകം ഒന്നിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ട സമയത്താണ് ചൈന-അറബ് രാഷ്ട്ര സഹകരണ ഫോറത്തിന്റെ് മന്ത്രിതല യോഗം ചേര്‍ന്നിരിക്കുന്നത്.

രാജ്യങ്ങളുടെ പുരോഗതിക്കും അവരുടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിനും വരും തലമുറള്‍ക്ക് നല്ല ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അന്താരാഷ്ട്ര സഹകരണം അദ്ദേഹം വ്യക്തമാക്കി. ഗസ്സ യുദ്ധത്തിന്റെ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഗസ്സ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനും സിവിലിയന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയില്‍ നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം പിന്തുടരേണ്ട തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ദക്ഷിണ കൊറിയയിലെ സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് ചൈനയിലെത്തിയത്. അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങി പ്രമുഖര്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ അനു ഗമിക്കുന്നുണ്ട്.

Top