ന്യൂഡൽഹി: ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ട്രംപിന് വിജയാശംസകളുമായി പ്രധാനമന്ത്രി എത്തിയത്. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു. ഇരു രാജ്യത്തേയും ജനങ്ങളുടെ പുരോഗതി, സമാധാനം, സ്ഥിരതയും ലക്ഷ്യമിട്ട് പ്രവർത്തിക്കാമെന്നും തന്ത്രപരമായ മേഖലകളിലെ സഹകരണവും പുതുക്കണമെന്നും ട്രംപിനൊപ്പമുള്ള വിവിധ നിമിഷങ്ങളുടെ ചിത്രങ്ങളോട് കൂടിയ കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.