CMDRF

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാര്‍’: നരേന്ദ്രമോദി

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാര്‍’: നരേന്ദ്രമോദി
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാര്‍’: നരേന്ദ്രമോദി

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ഗ്യാരണ്ടിയിലാണ് ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാര്‍. ഭാവി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിര്‍ണായകമെന്ന് മോദി പറഞ്ഞു. ബിജെപി കുടുംബ പാര്‍ട്ടിയല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭരണത്തുടര്‍ച്ചയില്‍ ഭയം വേണ്ട. മിഷന്‍ 2047 ആണ് മുന്നിലുള്ളത്. തന്റെ ടീം അതിനായുള്ള പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡിനെതിരായ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. പൂര്‍വമാതൃകകളൊന്നും മുന്‍പിലുണ്ടായിരുന്നില്ല. രാജ്യ നന്മയ്ക്ക് വേണ്ടി തന്റെ സര്‍ക്കാര്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചു. ആ ട്രാക്ക് റെക്കോര്‍ഡ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചാണ് 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഒരു കുടുംബത്തെ ശക്തിപ്പെടുത്താനായിരുന്നു. താന്‍ മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികള്‍ ആരെയും ഭയപ്പെടുത്താനല്ല. ജമ്മു കശ്മീര്‍ പുനസംഘടന, മുത്തലാഖ് നിരോധനം ഇതൊക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളില്‍ നടപ്പാക്കി. ഭാവി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിര്‍ണ്ണായകമായിരിക്കും. പ്രതിപക്ഷത്തിന്റെ അഴിമതി രാഷ്ട്രീയ രംഗത്തെ സംശയത്തിന്റെ നിഴലിലാക്കിയെന്നും മോദി വിമര്‍ശിച്ചു.

രാമ ക്ഷേത്രത്തെ വോട്ട് ബാങ്കാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും രാമക്ഷേത്രത്തിലേക്ക് പോയത് പ്രധാനമന്ത്രിയായല്ലെന്നും പറഞ്ഞ മോദി രാമഭക്തനായാണ് അവിടെ എത്തിയതെന്നും വിശദീകരിച്ചു. തമിഴ്‌നാട് സര്‍ക്കാരിനെ ജനം മടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഡിഎംകെ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. അണ്ണാമലൈ ഊര്‍ജ്ജസ്വലനായ നേതാവാണെന്നും മോദി പ്രശംസിച്ചു.

ബിജെപി കുടുംബ പാര്‍ട്ടിയല്ലാത്തതുകൊണ്ടാണ് അണ്ണാമലൈയെ പോലുള്ളവര്‍ക്ക് അവസരം കിട്ടിയത്. ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ ഉള്ള വിഭജനമില്ല. ഭാരതം ഒന്നാണ്, വൈവിധ്യമാണ് ശക്തി. തമിഴ് പ്രാചീന ഭാഷയാണ്. വൈവിധ്യത്തെ അംഗീകരിക്കുന്നതിനാണ് സംസ്ഥാന പര്യടനങ്ങളില്‍ അതാതിടങ്ങളിലെ വേഷം താന്‍ ധരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top