ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74-ാം പിറന്നാള്‍. എല്ലാവര്‍ഷത്തെയും പോലെ മോദിയുടെ ജന്മദിനം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ആഘോഷമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട മോദി 2014 മെയ് 26നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത്. 2024ലും ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായ മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് മോദി സ്വന്തമാക്കി.
1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വഡ്നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതല്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ല്‍ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാര്‍പ്പണം കൊണ്ടും പാര്‍ട്ടിയില്‍ പടിപടിയായി ഉയര്‍ന്ന മോദി 2001 മുതല്‍ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി.
2014ല്‍ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയെങ്കില്‍ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാന്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2019ല്‍ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വഭേദഗതി നിയമവും പ്രതിഷേധങ്ങള്‍ക്കിടയാക്കി. മോദിയുടെ ഗ്യാരണ്ടിയില്‍ ബിജെപി മത്സരിച്ച 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപിയെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടത് മോദിയുടെ തിളക്കം കുറച്ചിട്ടുണ്ടെങ്കിലും വികസനപ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് മോദി.
മൂന്നാം മോദി സര്‍ക്കാര്‍ നൂറുദിവസം പിന്നിട്ടപ്പോള്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി മൂന്നുലക്ഷം കോടിരൂപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതും ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയതും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വളര്‍ന്നതും മോദിയുടെ ജന്മദിനത്തിന് കൂടുതല്‍ തിളക്കം പകര്‍ന്നിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.