ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തിടെയായി വ്യാപകമാകുന്ന തട്ടിപ്പാണ് ‘ഡിജിറ്റല്‍ അറസ്റ്റ്’. സി.ബി.ഐ, ഇ.ഡി. പോലുള്ള ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചശേഷം നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി.
പോലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിരന്തരം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്നറിയിപ്പ് മാത്രമല്ല, ‘ഡിജിറ്റല്‍ അറസ്റ്റില്‍’ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും മോദി ഉപദേശിച്ചു.
ഞായറാഴ്ച പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കിയ മോദി മൂന്ന് ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നും പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പ്രതിരോധിക്കാനായി കാത്തിരിക്കുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ചെയ്യാനാണ് മോദി നിര്‍ദേശിച്ചത്.