കൊടുങ്ങല്ലൂർ-തൃശ്ശൂർ റൂട്ടിൽ ഇന്നുമുതൽ സ്വകാര്യബസുകൾ‌ ഓടില്ല

കോൺക്രീറ്റിടാൻ റോഡുകൾ ഏകപക്ഷീയമായി അടച്ചുകെട്ടിയതുമൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കൊടുങ്ങല്ലൂർ-തൃശ്ശൂർ റൂട്ടിൽ ഇന്നുമുതൽ സ്വകാര്യബസുകൾ‌ ഓടില്ല
കൊടുങ്ങല്ലൂർ-തൃശ്ശൂർ റൂട്ടിൽ ഇന്നുമുതൽ സ്വകാര്യബസുകൾ‌ ഓടില്ല

തൃശൂര്‍: തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ത തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോൺക്രീറ്റിടാൻ റോഡുകൾ ഏകപക്ഷീയമായി അടച്ചുകെട്ടിയതുമൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഊരകം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിലവിൽ കോൺക്രീറ്റുപണി നടക്കുന്നുണ്ട്. ഇതുമൂലം ബസുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിന്നിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ ഠാണാ വരെയും കോണ്‍ക്രീറ്റിങ് നടന്നുവരികയാണ്. ഇവിടത്തെ പണി പൂര്‍ത്തിയാക്കാതെയാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ മുതല്‍ കോണത്തുകുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിങ് പണികള്‍ ആരംഭിച്ചത്. ബസുടമകളുമായി ചര്‍ച്ച പോലും നടത്താതെ കെ.എസ്.ഡി.പിയുടെ അനുമതി വാങ്ങിയാണ് പണി ആരംഭിച്ചത്. ഇതുമൂലം ബസുകള്‍ക്ക് സമയത്തിന് ഓടിയെത്താന്‍ സാധിക്കില്ലെന്നാണ് പരാതി.

Also Read: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകളില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

ഇതേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ബസ് ഉടമസ്ഥ തൊഴിലാളി സംയുക്ത കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എതിര്‍ദിശയില്‍നിന്ന് ഒരു ഓട്ടോറിക്ഷ വന്നാല്‍പോലും കടന്നുപോകാന്‍ പറ്റാത്ത വഴിയിലൂടെയാണ് ബസ് തിരിച്ചുവിടുന്നത്. 40 കിലോമീറ്റര്‍ ദൂരം വരുന്ന തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 135 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ആര്‍.ടി.ഒ. അനുവദിച്ചു നല്‍കിയ സമയ പരിധിയേക്കാള്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാണ് ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നത്. ഇത് നിയമ ലംഘനമാണ്. ഇക്കാരണത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നും കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും ബസ് ഉടമകൾ പറഞ്ഞു.

Top