വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 ഡോക്ടർമാർ; വകുപ്പുതല നടപടിക്ക് റിപ്പോർട്ട്

വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 ഡോക്ടർമാർ; വകുപ്പുതല നടപടിക്ക് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. മെഡിക്കൽ കോളജ് ആശുപത്രികലിലെ 19 ഡോക്ടർമാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിനു കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി.

ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് വ്യക്തമാക്കി.ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്തു തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതടക്കം അന്വേഷണത്തിൽ കണ്ടെത്തി. നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടങ്ങളിലും വാണജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു.

പിന്നാലെയാണ് റെയ്ഡ്. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിലാണ് പരിശോധന.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ചതാണ്.

ഇതിനു പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാ​ഗം മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.

ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളു. സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റേയോ, ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രോ​ഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു പരിശോധിക്കാൻ പാടില്ല.

ഈ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെ നടത്തിയ പ്രാക്ടീസുകൾക്കാണ് പൂട്ടു വീഴുന്നത്.കുറ്റക്കാരായ ഡോക്ടർമാരുടെ വിശദ വിവരങ്ങൾ സർക്കാരിനു നൽകും. അഴിമതി സംബന്ധിച്ചു വിവരങ്ങൾ ലഭിച്ചാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാൻ വിജിലൻസ് ആവശ്യപ്പെട്ടു. 1064, 8592900900 എന്നീ നമ്പറുകളിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 ലോ വിവരങ്ങൾ കൈമാറാം.

Top