കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. 4.24 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.67 ലക്ഷം രൂപ മൂന്ന് ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമായാണ്. 52,000 രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ളത്. രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡല്‍ഹി മെഹ്‌റോളിയിലും കൃഷിസ്ഥലമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Also Read: തുര്‍ക്കിയിലെ അങ്കാറയില്‍ ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പട്ടു
1.15 കോടി രൂപയുടെ സ്വര്‍ണവും 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികള്‍. 2004 മോഡല്‍ ഹോണ്ട സിആര്‍വി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത. പ്രിയങ്കയ്ക്കെതിരെയുള്ളത് മൂന്നു കേസുകളാണ്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ പറയുന്നു.