വാഷിങ്ടണ്‍: വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ മാസമാദ്യം നിരവധി ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് അമേരിക്ക സാക്ഷ്യം വഹിച്ചിരുന്നു.
‘ഞാനൊരു കാര്യം ചെയ്യും. ഏത് വിദ്യാര്‍ഥി പ്രതിഷേധിച്ചാലും അവരെ രാജ്യത്തിന് പുറത്താക്കും. നിങ്ങള്‍ക്കറിയാമോ, ധാരാളം വിദേശ വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്’. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ തന്റെ 98 ശതമാനം ജൂത സുഹൃത്തുക്കളുമുണ്ടെന്ന് ട്രംപ് പരിഹസിച്ചതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രിലിലാണ് യു.എസ് സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 2000 പ്രതിഷേധക്കാര്‍ അറസ്റ്റിലായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതില്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമീപകാല നടപടികളെ അഭിനന്ദിച്ച അദ്ദേഹം, രാജ്യവ്യാപകമായ പ്രകടനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തലാക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.
ഗസയില്‍ യുദ്ധം തുടരണമോ എന്ന കാര്യത്തിലും ട്രംപ് നിലപാട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് മടങ്ങാന്‍ ആണ് ട്രംപ് പറഞ്ഞത്.