വാഷിങ്ടണ്‍: പലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വാദിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥി. എഴുതി തയാറാക്കിയ പ്രസംഗം മാറ്റിവച്ചാണ് ശ്രുതി കുമാര്‍ എന്ന ഇന്ത്യന്‍ വംശജ കോളജ് അധികൃതര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഗസയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍ഥികളെയാണ് ബിരുദം സ്വീകരിക്കുന്നതില്‍നിന്ന് യൂണിവേഴ്‌സിറ്റി വിലക്കിയത്. ഇതിനെതിരെയാണ് ശ്രുതി രൂക്ഷമായ വിമര്‍ശനമുനമുയർത്തിയത്. ‘ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സഹപാഠികളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. 2024 ബിരുദ ക്ലാസിലെ 13 വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയും അവരുടെ വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്നതും എന്നെ നിരാശയാക്കുന്നു. ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പൗരാവകാശമാണ്. വിദ്യാര്‍ഥികള്‍ക്ക് സംസാരിക്കണം. അധ്യാപകര്‍ക്ക് സംസാരിക്കണം. ഹാര്‍വാഡ് നിങ്ങള്‍ ഇത് കേള്‍ക്കുന്നില്ലേ?’- എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് വിദ്യാര്‍ഥികള്‍ ശ്രുതിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. എതാനും അധ്യാപകരും ശ്രുതിക്ക് പരസ്യമായ പിന്തുണ നല്‍കി.
ശ്രുതിയുടെ പ്രസംഗത്തിന് പിന്നാലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. പലരും ഫലസ്തീന്‍ കൊടികളും വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഹാര്‍വാഡിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് അധ്യാപകരിലെ ഭൂരിഭാഗം പേരും വിദ്യാര്‍ഥികള്‍ ബിരുദം നല്‍കുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. എന്നാല്‍ യൂണിവേഴ്സിറ്റി ഭരണസമിതിയായ ഹാര്‍വാര്‍ഡ് കോര്‍പറേഷന്‍ ബിരുദം നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു.
പ്രതിഷേധത്തിന്റെ പേരില്‍ യൂണിവേഴ്സിറ്റി നയങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് വിദ്യാര്‍ഥികളെ ബിരുദം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയതെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ വാദം.