കൊല്ലം: കൊല്ലം തീരത്ത് അടുത്ത മാസം മുതൽ ഇന്ധന പര്യവേക്ഷണത്തിനുള്ള നടപടികൾ തുടങ്ങും. ഓയിൽ ഇന്ത്യ ലിമിറ്റഡ് ആരംഭിക്കുന്ന നടപടി തീരത്തു നിന്ന് 48 കിലോമീറ്റർ അകലെയാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊല്ലത്ത് ഉടൻ എത്തും. അടുത്തിടെ അനുവദിച്ച ഇമിഗ്രേഷൻ ചെക്ക് പോയിന്റിന്റെ പ്രവർത്തനം തുടങ്ങിയാലുടൻ പര്യവേക്ഷണ നടപടികൾ ആരംഭിക്കും.
കൊല്ലം നഗരത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ, താമസ സൗകര്യത്തിനുള്ള മുന്തിയ ഹോട്ടലുകൾ എന്നിവയുടെ പട്ടിക കേന്ദ്ര പെട്രോളിയം മന്ത്രാലയം ശേഖരിച്ചു. ഷിപ്പിങ് ഏജൻസി മുഖേനയാണ് ഇതു ശേഖരിച്ചത്. കൊല്ലത്തെ പ്രധാന ആശുപത്രികളുടെ വിവരങ്ങളും മന്ത്രാലയത്തിന് കൈമാറി. തുറമുഖത്ത് നിന്ന് ആശുപത്രിയിലേക്കുള്ള ദൂരം, ഓരോ ആശുപത്രിയിലെയും ചികിത്സാ സൗകര്യം എന്നിവയാണ് കൈമാറിയത്. ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ മന്ത്രാലയം തൃപ്തരാണ്. നഗരത്തിലെ നക്ഷത്ര ഹോട്ടലുകളുടെ പട്ടികയും നൽകി.പര്യവേക്ഷണത്തിനുള്ള ഡ്രില്ലറുകൾ, കൂറ്റൻ പൈപ്പുകൾ മറ്റു യന്ത്രസാമഗ്രികൾ എന്നിവ കൊല്ലം തുറമുഖത്ത് സൂക്ഷിക്കും. ഇതിനുള്ള സ്ഥല സൗകര്യം ഉണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്.
പര്യവേക്ഷണ കപ്പലിനും ചെറുകപ്പലുകൾക്കും ടഗ്ഗുകൾക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം, താൽക്കാലിക ഓഫിസ് മുറി എന്നിവയും തുറമുഖത്തു സജ്ജമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതോടെ ക്രൂ ചെയ്ഞ്ച് (കപ്പൽ ജീവനക്കാർ മാറി കയറുന്നതിന്) വേണ്ടിവരും. ഇതിന് ഇമിഗ്രേഷൻ ചെക്ക് പോയിന്റിന്റെ പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്
കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ഇമിഗ്രേഷൻ ചെക്ക് പോയിന്റ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. ഭരണവിഭാഗം ഓഫിസ് കെട്ടിടം, ഗോഡൗൺ എന്നിവയ്ക്ക് തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതികളും ലഭിച്ചു. ഇന്റർനെറ്റ് സംവിധാനത്തിനായി ബിഎസ്എൻഎൽ ലൈൻ ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ സമുദ്രമേഖലയിൽ കടൽത്തട്ടു തുരക്കൽ (ഡ്രില്ലിങ് )നടക്കും. രാജ്യാന്തര കപ്പൽ ചാലിനു പുറത്താണു പര്യവേക്ഷണം. അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) ഒഴുക്കു കണ്ടെത്തുകയാണ് ലക്ഷ്യം. യുകെ ആസ്ഥാനമായി കമ്പനിയുമായി 1287 കോടിയുടെ (154ദശലക്ഷം ഡോളർ) കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. കൊല്ലത്തിനു പുറമെ ആന്ധ്രയിലേ അമലാപുരം, കേരള– കൊങ്കൺ മേഖല എന്നിവിടങ്ങളിലാണ് പര്യവേക്ഷണം നടത്തുന്നത്.