ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ ഫെഫ്കയ്ക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ ഫെഫ്കയ്ക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അക്രഡിറ്റേഷനുവേണ്ടി സിനിമാ നിര്‍മ്മാതാവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ അംഗീകൃത പിആര്‍ഒയുടെ കവറിംഗ് ലെറ്റര്‍ ഹാരജാക്കണം തുടങ്ങി ആറ് നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അക്രഡിറ്റേഷനുവേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 20 ന് ഉള്ളില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയാവും. ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമകളുടെ പ്രൊമോഷനുവേണ്ടി ഇന്ന് ഏറ്റവും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. എന്നാല്‍ അവരില്‍ ഒരു വിഭാഗത്തിന്റെ സമീപനം പലപ്പോഴും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അഭിമുഖത്തിനായി വന്നിരിക്കുന്ന താരങ്ങളോട് ചോദിക്കുന്ന മോശം ചോദ്യങ്ങളാണ് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്.

Top