ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടി

ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടി
ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടി

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതോടെ മത്സ്യത്തിന് വില കൂടി. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെയായി. മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഞായറാഴ്ച അര്‍ധരാത്രി 12 മണി മുതലാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്.

ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. എന്നാല്‍ ഈ കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാര്‍ ഉന്നയിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി.

മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങള്‍ വറുതിയുടെ കാലമാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്.

Top