റിയാദ്: സൗദി അറേബ്യയിലെ പൊതുവിദ്യാലയങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ ഒരു കൂട്ടം അധ്യാപകര്‍ ചൈനയില്‍നിന്ന് സൗദിയിലെത്തി. വനിതകളും പുരുഷന്മാരും ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്.
തുടക്കത്തില്‍ റിയാദ്, യാംബു, കിഴക്കന്‍ പ്രവിശ്യ, ജിദ്ദ, ജിസാന്‍, തബൂക്ക് എന്നീ ആറ് മേഖലകളിലെ സ്‌കൂളുകളിലാണ് ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്. സ്‌കൂളുകളുടെ വിവരങ്ങള്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളില്‍ അറബിക്കും ഇംഗ്ലീഷിനും ഒപ്പം ചൈനീസ് ഭാഷ മൂന്നാം ഭാഷയായി പഠിപ്പിക്കാന്‍ 2023 മാര്‍ച്ചിലാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
Read Also: ചെങ്കടലിൽ വാട്ടർ സ്ട്രിപ്പ്; സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനും അനുമതി
അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ അധ്യാപകരെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ്, വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഡയറക്ടര്‍, മേഖലയിലെ നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. സൗദിയും ചൈനയും തമ്മിലുള്ള സൗഹൃദപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ ആഴം അവര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തില്‍ ചൈനീസ് അധ്യാപകര്‍ സന്തോഷം പ്രകടിപ്പിച്ചു.
സൗദിയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ സഹകരണത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. അതേസമയം, സൗദി സ്‌കൂളുകളില്‍ ജോലിക്ക് നിയോഗിക്കുന്നതിന്റെ മുന്നോടിയായി ചൈനയില്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിചയപ്പെടുത്തല്‍ പരിപാടി സംഘടിപ്പിച്ചു.