മുതിർന്ന മാധ്യമ പ്രവർത്തകനും പ്രമുഖ ചിന്തകനും ദളിത് വോയ്സ് സ്ഥാപക പത്രാധിപരുമായ വി.ടി. രാജശേഖർ (93) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യൻ എക്സ്പ്രസിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച അദ്ദേഹം ദളിതുകളും പാർശ്വവത്കൃത സമൂഹങ്ങളും നേരിടുന്ന അനീതികൾ തുറന്നുകാട്ടാനും അവകാശങ്ങൾക്കായി വാദിക്കുവാനും വേണ്ടി 1981ലാണ് ദളിത് വോയ്സ് എന്ന സംരംഭം ആരംഭിച്ചത്.
Also Read : ചെന്നൈയിൽ വാഹനാപകടത്തിൽ വിഡിയോ ജേണലിസ്റ്റ് മരിച്ചു
ബ്രാഹ്മണ്യ ചിന്തകളെയും സംഘ്പരിവാറിനെയും നിശിതമായി വിമർശിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് വിടവാങ്ങിയ വി.ടി. രാജശേഖർ. കുറഞ്ഞ കാലം കൊണ്ട് തന്നെ സാംസ്കാരിക വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദളിത് വോയ്സിലെ പല രചനകളും ചൂടുപിടിച്ച സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നു.
Also Read : തുമ്പി കൈയിൽ ഉമ്മവെച്ചു; പാപ്പാനെ കൊന്ന ആനയെ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും
വിവാദങ്ങളിൽ അകപ്പെട്ട രാജശേഖറിന്റെ പല രചനകളും മലയാളമുൾപ്പെടെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അതേസമയം ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഉഡുപ്പിക്കടുത്തുള്ള സ്വദേശമായ വോന്റിബേട്ടുവിൽ നടക്കും.