ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രമുഖ അഭിഭാഷകന്‍ ഉജ്വല്‍ നികം വീണ്ടും പബ്ലിക് പ്രോസിക്യൂട്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രമുഖ അഭിഭാഷകന്‍ ഉജ്വല്‍ നികം വീണ്ടും പബ്ലിക് പ്രോസിക്യൂട്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രമുഖ അഭിഭാഷകന്‍ ഉജ്വല്‍ നികം വീണ്ടും പബ്ലിക് പ്രോസിക്യൂട്ടര്‍

മുംബൈ: സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഉജ്വല്‍ നികം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായാണു ഉജ്വല്‍ നികം ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ വര്‍ഷ ഗായ്ക്വാഡിനോട് 16,000ല്‍ പരം വോട്ടുകള്‍ക്കാണു അദ്ദേഹം പരാജയപ്പെട്ടത്.

26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്‌ഫോടന പരമ്പര ഉള്‍പ്പെടെ പ്രമാദമായ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം.
29 കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരിക്കെയാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായത്. കേസുകളുടെ ചുമതല ഒഴിഞ്ഞാണ് രാഷ്ട്രീയത്തില്‍ സജീവമായത്. എന്നാല്‍, പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ബിജെപി നേതാവിനെ പ്രധാനപ്പെട്ട കേസുകളുടെ ചുമതലയിലേക്ക് തിരികെ കൊണ്ടുവരുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പഠോളെ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണക്കേസ് വാദിച്ച് പാക്ക് ഭീകരന്‍ അജ്മല്‍ കസബിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത അഭിഭാഷകന്‍ എന്ന പ്രതിച്ഛായയുമായാണ് അദ്ദേഹത്തെ ബിജെപി കളത്തിലിറക്കിയത്. പൂനം മഹാജന്‍ ആയിരുന്നും മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇവരെ മാറ്റി ഉജ്ജ്വല്‍ നികത്തെ നിര്‍ത്തി ദേശീയവാദ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ മുംബൈ മെട്രോപ്പൊളിറ്റന്‍ മേഖലയിലെ ഏക കോണ്‍ഗ്രസ് എംപിയായി വര്‍ഷ ജയിക്കുകയായിരുന്നു.

അതേസമയം, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിരികെ വരുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് എന്തിന് എന്ന ചോദ്യമാണ് നികം ഉയര്‍ത്തുന്നത്. ”ഇതു കോണ്‍ഗ്രസിനെ ബാധിക്കുന്നത് എങ്ങനെയാണ്? ”ഞാനെന്റെ സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. നേരത്തേ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ കഴിവിന്റെ 100 ശതമാനവും ഉപയോഗിച്ചിരുന്നു. ഇനിയും അങ്ങനെതന്നെ. ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ത്തിയാല്‍ അവരെ കോടതിയില്‍ നേരിടും” – നികം കൂട്ടിച്ചേര്‍ത്തു.

Top