CMDRF

പ്രമുഖ പലസ്തീനി ഡോക്ടര്‍ ഇയാദ് റന്‍തീസി ഇസ്രായേല്‍ തടവറയില്‍ കൊല്ലപ്പെട്ടു; വിവരം പുറത്തുവരുന്നത് ഏഴുമാസത്തിന് ശേഷം

പ്രമുഖ പലസ്തീനി ഡോക്ടര്‍ ഇയാദ് റന്‍തീസി ഇസ്രായേല്‍ തടവറയില്‍ കൊല്ലപ്പെട്ടു; വിവരം പുറത്തുവരുന്നത് ഏഴുമാസത്തിന് ശേഷം
പ്രമുഖ പലസ്തീനി ഡോക്ടര്‍ ഇയാദ് റന്‍തീസി ഇസ്രായേല്‍ തടവറയില്‍ കൊല്ലപ്പെട്ടു; വിവരം പുറത്തുവരുന്നത് ഏഴുമാസത്തിന് ശേഷം

തെല്‍അവീവ്: 2023 നവംബര്‍ 11ന് ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയ ഗസയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും കമാല്‍ അദ്വാന്‍ ആശുപത്രി ഡയരക്ടറുമായ ഡോ. ഇയാദ് റന്‍തീസി (53) തടവറയില്‍ കൊല്ലപ്പെട്ടു. ആറുദിവസത്തിന് ശേഷം മരിച്ച ഡോക്ടറുടെ മരണവിവരം ഏഴുമാസം കഴിഞ്ഞ് ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സ് ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് പുറംലോകമറിയുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അല്‍ശിഫ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം ഡയരക്ടര്‍ ഡോ. അദ്നാന്‍ അല്‍ബര്‍ഷി(53)നെയും ഇസ്രായേല്‍ ഓഫര്‍ ജയിലില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ഷിന്‍ ബെറ്റിന്റെ തടങ്കലിലായിരുന്നു ഡോ. ഇയാദ് റന്‍തീസിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെയാണ് മരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണം സംബന്ധിച്ച് കുടുംബത്തിന് ഇതുവ?രെ ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടുമില്ല.

വടക്കന്‍ ഗസ മുനമ്പിലെ ബയ്ത്ത് ലാഹിയ സ്വദേശിയാണ് ഡോ. ഇയാദ്. നവംബര്‍ 11നാണ് അദ്ദേഹത്തെ പിടിച്ചു?കൊണ്ടുപോയത്. ഷിന്‍ ബെറ്റ് ചോദ്യം ചെയ്യല്‍ കേന്ദ്രമായ ഷിക്മ ജയിലിലാണ് ആറാംനാള്‍ കൊല്ലപ്പെട്ടത്. ഇത്രയും മാസം പിനിട്ടിട്ടും ഹോസ്പിറ്റല്‍ അധികൃതര്‍ക്കോ റന്‍തീസിയുടെ കുടുംബത്തിനോ ഇതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഡോ. ഹുസാം അബു സഫിയ ഹാരെറ്റ്സിനോട് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തില്‍ വടക്കന്‍ ഗസയില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ തെക്കന്‍ ഗസയിലേക്ക് പലായനം ചെ?യ്യുമ്പോഴാണ് റന്‍തീസിയെ ഇസ്രായേല്‍ അധിനിവേശ സേന പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ശേഷം നിരവധി പലസ്തീനി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇസ്രയേലി കസ്റ്റഡിയിലും ആക്രമണത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്നതിനിടെയായിരുന്നു ഡോ. അദ്നാന്‍ അല്‍ ബാര്‍ഷിനെ ഇസ്രായേല്‍ സൈന്യം പിടിച്ചു?കൊണ്ടുപോയത്.

യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ സൈന്യത്തിന്റെ തേമന്‍ തടങ്കല്‍ കേന്ദ്രത്തില്‍ 36 പേരും അനറ്റോട്ട് തടങ്കല്‍ കേന്ദ്രത്തില്‍ രണ്ട് പേരും, തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ ജയില്‍ വകുപ്പിന് കീഴിലുള്ള ജയിലുകളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ കണക്കുകള്‍ക്ക് പുറമെയാണിത്.

Top