കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

വളരെ സ്മൂത്തായി അവര്‍ വണ്ടിയോടിച്ച് പോവുന്നത് എല്ലാവരും കണ്ടില്ലേ.

കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍
കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ തെളിയിച്ചെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിലെ ആദ്യ ബാച്ച് വിജയികള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്ത ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തായിരുന്നു ചടങ്ങ്. കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് ഇനി മറ്റൊരു പരിശീലനത്തിന്റെ ആവശ്യമില്ലാതെ തന്നെ ആത്മവിശ്വാസത്തോടെ സ്വയം വണ്ടിയോടിച്ച് പോവാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്

‘അന്ന് ഞാന്‍ പറഞ്ഞൊരു വാക്കുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് പഠിപ്പിക്കും. ഓരോ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ സ്വന്തമായി വണ്ടിയോടിച്ച് പുറത്തു പോകും. നമ്മുടെ നാട്ടില്‍ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അഡിഷണല്‍ സെക്രട്ടറി സംസാരിച്ചപ്പോള്‍ പറഞ്ഞത് 2009ല്‍ ലൈസന്‍സ് എടുത്തിട്ടും വണ്ടിയോടിക്കാന്‍ ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലനം നേടിയവര്‍ ലൈസന്‍സ് കിട്ടിയതോടെ തനിച്ച് ബസ് ഓടിച്ചും കാറോടിച്ചും ബൈക്ക് ഓടിച്ചും വളരെ ആത്മവിശ്വാസത്തോടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്.

സാധാരണ ഡ്രൈവിംഗ് പഠിച്ചാല്‍ കൈ തെളിയാന്‍ വേറെ പരിശീലനം വേണം. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് അതിന്റെ ആവശ്യം വരുന്നില്ല. കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ തെളിയിച്ചു. 40 പേര്‍ പരിശീലനം നേടിയതില്‍ 36 പേര്‍ ടെസ്റ്റ് പാസ്സായി ലൈസന്‍സ് നേടി. വളരെ സ്മൂത്തായി അവര്‍ വണ്ടിയോടിച്ച് പോവുന്നത് എല്ലാവരും കണ്ടില്ലേ. സന്തോഷമുള്ള കാര്യമാണ്. ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു’- ഗണേഷ് കുമാര്‍ പറഞ്ഞു.

Top