കൃഷ്ണയുടെ മരണം: പ്രതിഷേധം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അം​ഗീകരിച്ചു

കൃഷ്ണയുടെ മരണം: പ്രതിഷേധം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അം​ഗീകരിച്ചു
കൃഷ്ണയുടെ മരണം: പ്രതിഷേധം അവസാനിപ്പിച്ചു; ആവശ്യങ്ങൾ അം​ഗീകരിച്ചു

തിരുവനന്തപുരം: കുത്തിവെപ്പെ‌ടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകരയിലെ പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സാമ്പത്തിക സഹായം, ഡോക്ടറെ സസ്പെൻഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ സർക്കാരിലേക്ക് ശുപാർശ ചെയ്യാമെന്ന് എഡിഎം അറിയിച്ചു.

ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. യുവതിയെ ചികിത്സിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണം, കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം, കുട്ടിയുടെ പഠന ചിലവ് ഉൾപ്പടെ ഉറപ്പ് വരുത്തണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യം.

ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം പോര രേഖാമൂലം എഴുതിനൽകണം എന്നാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവസ്ഥലത്ത് എത്തിയ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  സി പ്രേം ജിയുമായി ചർച്ച പുരോഗമിച്ചിരുന്നു. 

കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിൻകീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയത്. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. 

Top