CMDRF

ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; രാജ്യത്ത് പ്രതിഷേധം ശക്തം

കെനിയയിലെ വ്യോമയാന തൊഴിലാളികള്‍ പണിമുടക്ക് നടത്തി

ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; രാജ്യത്ത് പ്രതിഷേധം ശക്തം
ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; രാജ്യത്ത് പ്രതിഷേധം ശക്തം

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായ നെയ്‌റോബിയിലെ ജോമോ കെനിയോട്ട ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ കെനിയയില്‍ പ്രതിഷേധം ശക്തം. കരാര്‍ അദാനി കമ്പനിക്ക് നല്‍കിയതില്‍ കൃത്രിമത്വം നടന്നതായും ഇത് രാജ്യത്തിന്റെ വ്യോമയാന നയങ്ങള്‍ക്കെതിരാണെന്നും പ്രതിഷേധക്കാര്‍. 2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിംഗ്‌സിന് കരാര്‍ ലഭിക്കുന്നത്. ഈ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കി.

മുന്‍ പ്രസിഡന്റായ റെയില ഓഡിങ്കയാണ് ഈ നീക്കത്തിന്റെ വിമര്‍ശകരില്‍ പ്രധാനി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗുജറാത്ത് വ്യവസായ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളാണ് ഗൗതം അദാനിയെന്നും നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ‘മോദാനി ‘ എന്നാണ് സൂചിപ്പിക്കുന്നതെന്നും റെയ്ല ഒഡിംഗ പറഞ്ഞു. 2010ല്‍ താന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് മോദി അദാനിയെ പരിചയപ്പെടുത്തുന്നതെന്നും റെയ്‌ല വ്യക്തമാക്കി.എയര്‍പോര്‍ട്ട് പബ്ലിക്-പ്രൈവറ്റ്-പാര്‍ട്ട്‌നര്‍ഷിപ്പ് (പി.പി.പി) മാതൃകയില്‍ നവീകരിക്കാനും വികസിപ്പിക്കാനുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് കെനിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

Also Read: ഹർദീപ് സിംഗ് നിജ്ജർ കൊലപാതകം; ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ

എയര്‍പോര്‍ട്ട് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമം ആരംഭിച്ചത് മുതല്‍ തന്നെ കരാറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എയര്‍പോര്‍ട്ട് 30 വര്‍ഷത്തേക്ക് കമ്പനിക്ക് പാട്ടത്തിന് നല്‍കിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കെനിയയിലെ വിവിധ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. ഇവയ്ക്ക് പുറമെ കെനിയയിലെ വൈദ്യുതി ലൈനുകളുടെ നിര്‍മാണം, പ്രവര്‍ത്തനം, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള കരാറും കെനിയയില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള മറ്റൊരു കരാറും അദാനി കമ്പനി ഏറ്റെടുത്തിരുന്നു. ഇതും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

കെനിയയിലെ ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കെനിയാസ് അസോസിയേഷന്‍ ഓഫ് എയര്‍ ഓപ്പറേറ്റേഴ്സും (കെ.എ.എ.ഒ) സര്‍ക്കാരിനോട് കരാര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കരാറിലെ വ്യവസ്ഥകള്‍ രാജ്യത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നാണ് കെ.എ.എ.ഒ പറയുന്നത്. കൂടാതെ കരാര്‍ നല്‍കുന്നതിന് മുമ്പ് മറ്റ് പങ്കാളികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്താത്തതിനെയും സംഘടന ചോദ്യം ചെയ്തു. ഇവര്‍ക്ക് പുറമെ എയര്‍പോര്‍ട്ട് ഏറ്റെടുക്കലിനെത്തുടര്‍ന്ന് സെപ്തംബറില്‍ കെനിയയിലെ വ്യോമയാന തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.

Top