കൊച്ചി: കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ് മുഖം ഒന്ന് മിനുക്കി, തീർന്നില്ലേ കഥ. പ്രൊഫൈൽ ചിത്രം മാറ്റി മഞ്ഞയും നീലയും നിറത്തിലുള്ള കൊമ്പനാനയുടെ ചിത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അപ്‌ഡേറ്റ് ചെയ്തത്. എന്നാൽ മഞ്ഞയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ കൊമ്പനാനയെ അവതരിപ്പിച്ചത് ആരാധകർക്ക് സഹിക്കാനായില്ല. സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നതോടെ പഴയ പ്രൊഫൈൽ വീണ്ടും കൊണ്ടുവന്ന് പ്രശ്നം പരിഹരിച്ചു.
ചിത്രത്തിൽ കാവി നിറം കൂടിയതിൽ പല വിമർശനങ്ങളും ഉയർന്നു, ഇനിമുതൽ ബ്ലാസ്റ്റേഴ്‌സിന് സംഘം കാവലുണ്ടെന്നും ഇതിലും ചാണകം തെറിപ്പിച്ചോ എന്നും ഇതും കാവി വത്കരിച്ചോ എന്നുമുള്ള രീതികളിൽ പ്രതികരണം വ്യാപകമായി. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുതിയ ലോഗോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിനെ ചൊല്ലി ആരാധകർ തമ്മിൽ പോരും രൂക്ഷമായിരുന്നു.
Also Read: പാകിസ്ഥാന് കനത്ത തിരിച്ചടി! മുഹമ്മദ് യൂസഫ് പിസിബി സെലക്ടർ സ്ഥാനം രാജിവച്ചു
നിറം മാറ്റത്തിനെ വിമർശിച്ചവർക്കെതിരെയും ചില ആരാധകർ രംഗത്തെത്തി. ‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കളർ ചേഞ്ചിങ്ങിൽ പോലും പ്രത്യേക അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആളുകൾ ഇവിടെയുണ്ട് എന്നതാണ് മലയാളിയുടെ സ്വന്തം കേരളത്തിന്റെ പ്രത്യേകത, അഥവാ ഗതികേട്’ എന്നാണ് വിമർശനങ്ങൾക്കെതിരെ വന്ന കമന്റുകളിലൊന്ന്. കളർ മാത്രം നോക്കി നമ്മൾ പരസ്പരം പോരടിക്കരുതെന്നും രാഷ്ട്രീയം അതിന്റെ വഴിക്ക് പോകട്ടെയെന്നും കളർ നോക്കി രാഷ്ട്രീയം ഇവിടെ വേണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.
മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈൽ പിക്ചർ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാണിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. ലോഗോ തിരികെ കൊണ്ടുവന്നതിന് പിന്നാലെയും ആരാധകർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികൾക്ക് മുന്നിൽ വെളച്ചിലെടുക്കരുതെന്നാണ് ഒരാളുടെ മുന്നറിയിപ്പ്. ‘കിട്ടിയപ്പോ ഓന്തിന്റെ നിറം മാറിയല്ലോ സന്തോഷം’ എന്നും മഞ്ഞപ്പടയാണ്, ഈ മഞ്ഞ മതി എന്നുമെല്ലാമാണ് പ്രതികരണങ്ങൾ.