CMDRF

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി പ്രക്ഷോഭകാരികള്‍

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി പ്രക്ഷോഭകാരികള്‍
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി പ്രക്ഷോഭകാരികള്‍

ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശില്‍ അക്രമവും രൂക്ഷമാകുന്നു. രാജിവച്ച് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന രാജ്യം വിട്ടതോടെ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. കണ്ണില്‍ കണ്ട വിലപിടിച്ച വസ്തുക്കളെല്ലാം ജനക്കൂട്ടം കൈക്കലാക്കിയെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഔദ്യോഗിക വസതിയായ ഗണഭബന്റെ നിയന്ത്രണം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ധാക്കയില്‍ ഷെയ്ക് മുജീബുര്‍ റഹ്‌മാന്റെയടക്കം പ്രതിമകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തിട്ടുണ്ട്.

അതേസമയം കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവര്‍ രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയില്‍ അഭയം നല്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തില്‍ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തെരുവില്‍ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്. സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്കായി ഹെല്‍പ്ലൈന്‍ തുറന്നിട്ടുണ്ട്. നമ്പര്‍ – +8801958383679, +8801958383680, +8801937400591.

Top