തെല്‍ അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ പ്രതിഷേധം കനക്കുന്നു. വെസ്റ്റ് ജറുസലേമിലും സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലുമാണ് പ്രതിഷേധം തുടരുന്നത്. എല്ലാദിവസവും പ്രതിഷേധിക്കുമെന്നും ഇസ്രായേലില്‍ സര്‍ക്കാര്‍ മാറുന്നത് വരെ ഒരടി പിന്നോട്ട് മാറില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
വ്യാഴാഴ്ച ഇസ്രായേലിലെ പ്രധാന റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു. ഇസ്രായേല്‍ സര്‍ക്കാരില്‍ മാറ്റമുണ്ടാകണം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാന്‍ നെതന്യാഹുവിന് ഒരു താല്‍പര്യവുമില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ശനിയാഴ്ച തെല്‍ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയൂവെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ പക്ഷം.
അതേസമയം, ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാര്‍ട്ടിയായ ‘ഇസ്രായേല്‍ ബയ്തിനു’ നേതാവുമായ അവിഗ്ഡോര്‍ ലിബര്‍മാനും രംഗത്തെത്തി. വടക്കന്‍ ഗസയിലും തെക്കന്‍ ഗസയിലും വിജയിക്കാന്‍ ഇസ്രായേലിനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഉത്തരവാദിത്തമുണ്ടെന്നും ലിബര്‍മാന്‍ പറഞ്ഞു. പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.