നാലുപാടും സംഘര്‍ഷത്തിന് തീകൊളുത്തിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നാണ് ഇപ്പോള്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നത്. ഇസ്രയേലിന്റെ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും ഭീകരതകള്‍ക്കും മേല്‍ ലോകം മുഖംതിരിച്ചു തുടങ്ങികഴിഞ്ഞു. ഇനി ആരും ഇസ്രയേലിനെ കേള്‍ക്കാന്‍ തയ്യാറാകില്ലന്നതാണ് നിലവിലെ അവസ്ഥ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ലോക വേദിയില്‍ തനിക്ക് മുന്നിലെ ഒഴിഞ്ഞ കസേരകളുമായി സംവദിക്കേണ്ടി വന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചിത്രം.യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസംഗപീഠത്തില്‍ നെതന്യാഹു ഉയര്‍ത്തിക്കാട്ടിയ രണ്ടു മാപ്പുകളില്‍ ഒന്ന് മിഡില്‍ ഈസ്റ്റിലേതായിരുന്നു.
ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളെ ശാപമായാണ് ഇസ്രയേല്‍ അതില്‍ രേഖപ്പെടുത്തിയിരുന്നത്. പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ‘അനുഗ്രഹമായും’ തനിക്കെതിരെ ആളിക്കത്തുന്ന പ്രതിഷേധ ചൂടിനിടയിലും യു.എന്നില്‍ നെതന്യാഹു ആക്രോശിച്ചത് സര്‍വ നാശത്തിനാണ്. സ്വേച്ഛാധിപത്യത്തിന്റെയും ഭീകരതയുടെയും ഇരുണ്ട യുഗത്തിലേക്ക് ലോകരാജ്യങ്ങളെ തള്ളിവിടാന്‍ തന്നെയാണ് ഇസ്രയേല്‍ കച്ചകെട്ടിയിരിക്കുന്നത്.
ഇതില്‍ രണ്ടില്‍ നിന്നും പലസ്തീനെ പൂര്‍ണമായും ഒഴിവാക്കിയതോടെ അങ്ങനെയൊരു രാജ്യമേ നിലനില്‍ക്കുന്നില്ലെന്ന തരത്തിലേക്ക് ഇസ്രയേല്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണ്. കൂടാതെ മാപ്പിലൂടെ പ്രദേശത്തെ പ്രശ്‌നങ്ങളുടെ സ്വാധീനം ഇറാനില്‍ നിന്നാണെന്ന് സൂചിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിട്ടുണ്ട്. യെമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ തുടരുന്ന ലഹളകള്‍ക്ക് കാരണം ഇറാനാണെന്ന ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനൊപ്പം ഇറാനും സഖ്യങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം മാത്രമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന വാദവും ശക്തമാണ്.
വലിയ ബഹളത്തിനും പ്രതിഷേധത്തിനും നടുവിലേക്കിറങ്ങി വന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം സഭയിലെ പ്രതിനിധികളുടെ കൂട്ട ബഹിഷ്‌ക്കരണം വലിയ മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവത്തില്‍ തന്നെയാണ് ഇത്തവണ ഇവിടെ വരാന്‍ ആലോചിച്ചിരുന്നില്ലെന്ന നെതന്യാഹുവിന്റെ പരാമര്‍ശം വ്യക്തമാക്കുന്നത്. തനിക്കേറ്റ അപമാനത്തിന്റെ രോഷം മുഴുവന്‍ ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ ഇറക്കിവെച്ചാണ് നെതന്യാഹു വേദി വിട്ടത്.
ഐക്യരാഷ്ട്ര സഭയില്‍ തന്റെ രാജ്യത്തിനെതിരെ ഉയര്‍ന്ന കള്ളങ്ങളും അധിക്ഷേപങ്ങളും തന്നെ അക്ഷമനാക്കി എന്നാണ് നെതന്യാഹു ആരോപിച്ചത്. ഇസ്രയേലിനെതിരെ പ്രമേയങ്ങള്‍ പാസാക്കിയത് യുഎന്നിന്റെ ഇരട്ടത്താപ്പും കാപട്യവുമാണെന്നും നെതന്യാഹു ആവര്‍ത്തിക്കുകയുണ്ടായി. യുഎന്നില്‍ ഉയരുന്ന ഗാസയ്ക്കുമേലുള്ള പരിഗണന ഇസ്രയേലിനോടുള്ള വിദ്വേഷമാണെന്ന് നെതന്യാഹു ഉറച്ചു വിശ്വസിക്കുന്നു. ഇസ്രയേലിനെയും ജൂതരാഷ്ട്രത്തെയും മറ്റു രാഷ്ട്രങ്ങളെ പോലെ തുല്യമായി പരിഗണിക്കുംവരെ, ഈ സെമറ്റിക് വിരുദ്ധത അവസാനിക്കുംവരെ നീതിബോധമുള്ള ജനതയൊന്നാകെ യുഎന്നിനെ പ്രഹസനമായി മാത്രമേ കാണൂ എന്നാണ് നെതന്യാഹു തറപ്പിച്ചു പറയുന്നത്.
ഒക്ടോബര്‍ ഏഴിനുശേഷമുള്ള ഗാസയിലെ അധിനിവേശത്തെ നെതന്യാഹു ന്യായീകരിക്കുന്നത് തുടരുകയാണ്. തങ്ങളുടെ ഭീഷണികളെ ഇല്ലാതാക്കാനും പൗരന്മാരെ സുരക്ഷിതമായി സ്വന്തം വീടുകളില്‍ എത്തിക്കാനുമുള്ള അവകാശമായാണ് ഈ ക്രൂരതയെ ഇസ്രയേല്‍ കാണുന്നത്. ബാക്കിയുള്ള ബന്ദികളെ കൂടി നാട്ടിലെത്തിക്കുംവരെ അതിലൊരു മാറ്റം ഉണ്ടാവില്ലെന്ന് തന്നെയാണ് ഇസ്രയേല്‍ തറപ്പിച്ചു പറയുന്നത്. നെതന്യാഹുവിന്റെ വെല്ലുവിളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേട്ടതും ഇറാനുള്ള ‘ഭീഷണി’ തന്നെയായിരുന്നു. ഇറാന്‍ തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിയുമുണ്ടാകുമെന്നായിരുന്നു ഇസ്രയേലിന്റെ മുന്നറിയിപ്പ്.
ഇസ്രയേല്‍ ആയുധങ്ങള്‍ക്ക് എത്താനാകാത്ത ഒരിടവും ഇറാനിലോ പശ്ചിമേഷ്യയിലോ ഇല്ലെന്ന ഭീഷണിയാണ് നെതന്യാഹു മുഴക്കുന്നത്, ഹിസ്ബുള്ള യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താല്‍ തങ്ങള്‍ക്കും മറ്റൊരു വഴിയുണ്ടാകില്ലെന്നും നെതന്യാഹു ആവര്‍ത്തിക്കുന്നു. ലോകവേദിയില്‍ നെതന്യാഹു തന്റെ പ്രസംഗത്തില്‍ കത്തിക്കയറിയപ്പോള്‍ ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനടുത്ത് ദാഹിയ പട്ടണത്തിലുള്ള ജനവാസ മേഖലയില്‍ ഇസ്രയേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂത്തിനെ പിടിച്ചുകുലുക്കി തുടര്‍ച്ചയായ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറി.
ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടെന്ന പേരില്‍ ജനവാസകേന്ദ്രങ്ങള്‍ക്കും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. നിലവില്‍ ആക്രമണം നടത്തുന്ന സ്ഥലങ്ങളില്‍ ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളോ ആയുധപ്പുരകളോ ഉള്ളതിന് തെളിവുകളൊന്നും നല്‍കാനും ഇസ്രയേലിന് ആയിട്ടില്ല. വെടിനിര്‍ത്തല്‍ നിരസിച്ച ലെബനനില്‍ വ്യാപകമായി ബോംബാക്രമണം നടത്തിയ ദാഹിയ പട്ടണത്തിലേക്ക് ആംബുലന്‍സുകള്‍ക്ക് പോലും എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.
കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട ബെയ്റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും തുടര്‍ച്ചയായി ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഇവിടെ വെച്ചാണ് ഹിസ്ബുള്ള മേധാവി ഉള്‍പ്പെടെ കൊല്ലപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ഇനിയും കുത്തനെ വര്‍ദ്ധിക്കുമെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടില്‍ ലോകം ആശങ്കയിലാണ്. ഹിസ്ബുല്ലയുടെ കമാന്‍ഡ് സെന്റര്‍, ആയുധ ഡിപ്പോകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലയിലാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാഹിയയില്‍ നിന്ന് ആയിരങ്ങളാണ് ഇതോടെ പലായനം ചെയ്യുന്നത്. ഇതിന്നു പുറമെ ഇപ്പോള്‍ യെമനിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി വരികയാണ്. യെമനില്‍ നിന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് വിക്ഷേപിച്ച മിസൈല്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞതിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയിരിക്കുന്നത്. യെമനിലെ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച ടെല്‍ അവീവ് ഉള്‍പ്പെടെ മധ്യ ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയിരുന്നു. ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നാശനഷ്ടം എന്താണെന്നത് ഇസ്രയേല്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി സയ്യിദ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തിയ ഇറാന്‍ അനുകൂല ഹൂതികള്‍ ഹിസ്ബുള്ളയുമായി ചേര്‍ന്ന് ശക്തമായ ആക്രമണത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു തൊട്ട് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തന്നെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായിരിക്കുന്നത്. ഹൂതികള്‍ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയെ വിനാശകരമായ യുദ്ധ സാഹചര്യത്തിലേക്ക് ഇസ്രയേല്‍ കൊണ്ട് പോകുമ്പോള്‍ തിരിച്ചടിക്കാനുള്ള പോര്‍മുഖമാണ് ഇറാന്‍ അണിയറയില്‍ ഒരുക്കുന്നത്. ഇറാന്‍ അതിന്റെ പരമോന്നത നേതാവിനെ കൂടുതല്‍ സുരക്ഷിത ഇടത്തിലേക്കും മാറ്റിയത് വരാനിരിക്കുന്ന വലിയ യുദ്ധത്തിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക രാഷ്ടങ്ങളെ സംബന്ധിച്ച് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത കൊടും കുറ്റമാണ് ഇസ്രയേല്‍ ഇപ്പോള്‍ നടത്തി വരുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ശക്തമാണ്.
റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇസ്രയേല്‍ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് ഉള്ളത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇസ്രയേല്‍ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും എല്ലാം ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് അവിടുത്തെ സര്‍ക്കാറുകളെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഇതിനിടെ അമേരിക്ക നല്‍കിയ ആധുനിക ബോംബ് ഉപയോഗിച്ചാണ് ഹിസ്ബുള്ള തലവനെ ഇസ്രയേല്‍ വധിച്ചതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
Minnu Wilson
വീഡിയോ കാണാം