‘യോവ് ഗാലന്റിനെ പുറത്താക്കി’; നെതന്യാഹുവിനെതിരെ ജനരോക്ഷം

ബന്ദികളുടെ കുടുംബാംഗങ്ങളും നെതന്യാഹുവിനെതിരെ രംഗത്തെത്തി

‘യോവ് ഗാലന്റിനെ പുറത്താക്കി’; നെതന്യാഹുവിനെതിരെ ജനരോക്ഷം
‘യോവ് ഗാലന്റിനെ പുറത്താക്കി’; നെതന്യാഹുവിനെതിരെ ജനരോക്ഷം

ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നടപടിക്കെതിരെ ഇസ്രയേലിൽ വ്യാപക പ്രതിഷേധം ഉയരുന്നു. ഇസ്രയേലിലുടനീളം ആയിരക്കണക്കിന് പ്രതിഷേധക്കാർ നെതന്യാഹുവിനെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ട് തടിച്ചുകൂടി.ബന്ദികളുടെ കുടുംബാംഗങ്ങളും നെതന്യാഹുവിനെതിരെ രംഗത്തെത്തി. നെതന്യാഹുവിന്‍റെ തീരുമാനത്തെ പ്രതിപക്ഷവും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അപലപിച്ചു.

രാജ്യത്തിന്‍റെ സുരക്ഷ വിലനിൽകി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ ജനം പ്രതിഷേധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഭ്രാന്തൻ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സമൂഹമാധ്യമത്തിൽ കുറിച്ചു. രാഷ്ട്രീയ അതിജീവനത്തിനായി നെതന്യാഹു ഇസ്രായേലിന്‍റെ സുരക്ഷയെയും സൈനികരെയും വിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2023 മാർച്ചിൽ ഗാലന്‍റിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനകീയ പ്രതിഷേധം കനത്തതോടെ തീരുമാനം മാറ്റുകയും രണ്ടാഴ്ചക്ക് ശേഷം ഗാലന്‍റിനെ തിരിച്ചെടുക്കുകയുമായിരുന്നു. ‘ഇസ്രായേലിന്‍റെ സുരക്ഷ എന്‍റെ ജീവിത ദൗത്യമാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും’ എന്നാണ് പുറത്താക്കിയതിനെക്കുറിച്ച് ഗാലന്‍റ് ഇന്ന് എക്സിൽ കുറിച്ചത്. കഴിഞ്ഞ വർഷം നെതന്യാഹു പുറത്താക്കിയപ്പോഴും ഇതേ പ്രതികരണം തന്നെയാണ് ഗാലന്‍റ് നടത്തിയിരുന്നത്.

Top