മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് സി.പി.എം. കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സി.പി.എം. തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. മത ചിഹ്നത്തെ സ്വന്തം കൊടിയിലും പേരിലും കൊണ്ടു നടക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് ഇത്തരം ഒരു വിമര്‍ശനം സി.പി.എമ്മിനെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.
ലീഗ് സെക്കുലര്‍ പാര്‍ട്ടിയാണ് എന്നത് ലീഗിന്റെ അവകാശവാദമാണ്. ബി.ജെ.പി ഒരിക്കലും അവര്‍ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന് സമ്മതിച്ചിട്ടില്ലന്നതും ഓര്‍ക്കണം. ബി.ജെ.പിയും പറയുന്നത് ആ പാര്‍ട്ടി സെക്കുലര്‍ പാര്‍ട്ടിയാണ് എന്നാണ്. ഒരു പാര്‍ട്ടി വര്‍ഗ്ഗീയ പാര്‍ട്ടിയാകുന്നത് ആ പാര്‍ട്ടിക്ക് ഒരു പ്രത്യക മതത്തിന്റേയോ പ്രത്യേക സമുദായത്തിന്റേയോ വികാരത്തെ ഉപയോഗിക്കാതെ നിലനില്‍പ്പില്ലാതെ വരുമ്പോഴാണ്. ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നിലനില്‍ക്കണമെങ്കില്‍ മുസ്ലിം വികാരം അനിവാര്യമാണ്.
ഈ മത-സമുദായ വികാരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ലീഗിനു ഒരിക്കലും നിലനില്‍പ്പുണ്ടാകുകയില്ല. ലീഗിന്റെ ഏറ്റവും വലിയ മൂലധനം എന്നു പറയുന്നത് ഇസ്ലാം മതവികാരവും മുസ്ലിം സമുദായ വികാരവും ആണ്. സമാന രീതിയിലാണ് ഇപ്പുറത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുമത വികാരം ഒഴിവാക്കിയാല്‍ ബി.ജെ.പിക്കും നിലനില്‍പ്പ് ഉണ്ടാകുകയില്ല. മതവികാരത്തിന്റേയോ സമുദായവികാരത്തിന്റേയോ പിന്‍ബലമില്ലാതെ നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടികളെയാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്നു പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ മുസ്ലിം ലീഗും ഒന്നാന്തരം വര്‍ഗ്ഗീയ പാര്‍ട്ടി തന്നെയാണ്.
ജമാഅത്തെ ഇസ്ലാമി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര നിലപാടുകളുള്ള സംഘടനകളൊന്നും തന്നെ അധികാരത്തിലില്ലാത്തവരാണ്. അവര്‍ക്ക് എം.എല്‍.എയോ എം.പിയോ ഒന്നും ഈ രാജ്യത്തില്ല. നാളെ അധികാരത്തില്‍ വരാമെന്ന പ്രതീക്ഷയും അവരെ നയിക്കുന്നില്ല. അധികാരത്തിലെത്തുമ്പോഴാണ് ഇവരെല്ലാം സോഫ്റ്റ് ആകുന്നത്. ബി.ജെ.പി തന്നെ അധികാരത്തിലെത്തുന്നതിനു മുന്‍പ് കാണിച്ചിരുന്ന അത്ര തീവ്രത ഇപ്പോള്‍ കാണിക്കുന്നില്ലന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
അധികാരത്തിലെത്തുമ്പോള്‍ അധികാരം നിലനിര്‍ത്താന്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അതുപോലെയാണ് ലീഗും വിട്ടുവീഴ്ച ചെയ്തിരിക്കുന്നത്. ലീഗ് കേരളത്തില്‍ പല തലങ്ങളില്‍ അധികാരത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അനവധി വര്‍ഷങ്ങളായി. ഇപ്പോള്‍ പ്രതിപക്ഷത്താണെങ്കിലും നാളെ അധികാരത്തില്‍ തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആ പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അതല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ അവരുടെ യഥാര്‍ത്ഥ സ്വഭാവം ഇതിനകം തന്നെ പ്രകടമാവുമായിരുന്നു.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം കലാപത്തിലേക്കു പോകാതെ സമാധാനത്തിന് ആഹ്വാനം ചെയ്തു എന്നത് വലിയ ക്രഡിറ്റായി ലീഗിനെ എല്ലാവരും പുകഴ്ത്താറുണ്ട്. പക്ഷേ ആ സമയത്ത് കേരളത്തില്‍ കരുണാകര മന്ത്രിസഭയില്‍ ലീഗുണ്ടായിരുന്നു എന്നത് നാം മറന്നു പോകരുത്. അതായത് അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതും ഉണ്ടായിരുന്നു എന്നത് വ്യക്തം. നേരെമറിച്ച് 1992-ല്‍ മുസ്ലിംലീഗ് അധികാരത്തിന് പുറത്തായിരുന്നെങ്കില്‍ ലീഗ് എന്ത് നിലപടായിരുന്നു സ്വീകരിക്കുമായിരുന്നത് എന്നത് സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.
ഹമീദ് ചേന്ദമംഗല്ലൂര്‍ ചൂണ്ടിക്കാട്ടിയതു പോലെ അത്തരമൊരു ഘട്ടത്തില്‍ തീര്‍ച്ചയായും മറ്റ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ച സമീപനം തന്നെയാണ് ലീഗും സ്വീകരിക്കുമായിരുന്നത്. അധികാരം പാര്‍ട്ടികളെ സോഫ്റ്റാക്കും എന്നല്ലാതെ അത് ഒരിക്കലും വര്‍ഗ്ഗീയത ഇല്ലാതാക്കുന്നില്ല. എപ്പോള്‍ അധികാരത്തില്‍നിന്നു പുറത്തുപോകുന്നുവോ അതല്ലെങ്കില്‍ ഇനി ഒരു തിരിച്ചു വരവിനുള്ള സാധ്യതയില്ലന്ന് എപ്പോള്‍ അത്തരം പാര്‍ട്ടികള്‍ തിരിച്ചറിയുന്നുവോ അപ്പോഴാണ് അവര്‍ അവര്‍ക്കുള്ളില്‍ മറച്ചു വച്ചിരിക്കുന്ന തീവ്രസ്വഭാവവും പുറത്തെടുക്കുക. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം ഇത്തരം വര്‍ഗ്ഗീയ പാര്‍ട്ടികളെ വിലയിരുത്തുവാന്‍.
ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണെന്നാണ് ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ മറ്റൊരു ആരോപണം. കോണ്‍ഗ്രസ്സും ലീഗും കാണിച്ചു കൂട്ടിയ കുതന്ത്രങ്ങളുടെ കണക്കുകള്‍ കൂടി സാദിഖലി പറയിപ്പിക്കരുത്. സി.പി.എം. കേരളത്തില്‍ നടത്തുന്ന മുസ്ലിം വിരുദ്ധപ്രചാരണങ്ങള്‍ ബി.ജെ.പിക്ക് സഹായമായെന്നും സി.പി.എം. വിതയ്ക്കുന്നത് ബി.ജെ.പിയാണ് കൊയ്യുന്നതെന്നും ലീഗ് മുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആരോപിച്ചിട്ടുണ്ട്. ഏകസിവില്‍കോഡ്, സവര്‍ണ്ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സി.പി.എമ്മാണെന്നും കേരളത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ്ലിം സംവരണം വെട്ടിക്കുറച്ചതും സി.പി.എം സര്‍ക്കാരുകളാണെന്നും ഇതേ അഭിമുഖത്തില്‍ തന്നെ ലീഗ് അദ്ധ്യക്ഷന്‍ തുറന്നടിച്ചിട്ടുണ്ട്.
ലീഗിനെ ശക്തമായി എതിര്‍ക്കാതെ അടവു നയം സ്വീകരിച്ച് പോകുന്ന കേരളത്തിലെ സി.പി.എം നേതൃത്വം ചോദിച്ചു വാങ്ങിയ പ്രഹരം തന്നെയാണിത്. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി അല്ലന്ന് പറയുന്ന കേരളത്തിലെ സി.പി.എം നേതാക്കള്‍ ഇനിയെങ്കിലും നിങ്ങളുടെ നിലപാട് തിരുത്തി യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്നതാണ് നല്ലത്. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് ഉറച്ച നിലപാടാണ് ഉള്ളത്. ആ നിലപാടില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് കേരളത്തിലെ ചില നേതാക്കള്‍ സ്വീകരിക്കുന്നതു തന്നെ സംഘടനാ പരമായ തെറ്റാണ്. മുസ്ലിംലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും ആ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് സാദിഖലി ശിഹാബ് തങ്ങളെന്നും പറഞ്ഞു തന്നെയാണ് ലീഗ് രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത്. അതല്ലാതെ, ലീഗിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ശ്രമിച്ചാല്‍, അത് തിരിഞ്ഞ് കൊത്തും, അത്തരമൊരു കൊത്താണ് ഇപ്പോള്‍ സി.പി.എമ്മിനു ലീഗില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇത്തരം പ്രതികരണങ്ങള്‍ മലപ്പുറത്തു നിന്നും നടത്തുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആ മലപ്പുറം ജില്ല അനുവദിച്ചത് കമ്യൂണിസ്റ്റായ ഇ.എം.എസ് ഭരിച്ചപ്പോഴാണ് എന്നത് മറന്നു പോകരുത്. മുസ്ലീംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും വേണ്ടി സി.പി.എം നടത്തിയ പോരാട്ടത്തിന്റെ നാലില്‍ ഒരംശം പോലും ലീഗ് ഈ നാട്ടില്‍ നടത്തിയിട്ടില്ല. ഇടതുപക്ഷ സര്‍ക്കാറുകള്‍ നല്‍കിയ പരിഗണന ഈ ജനവിഭാഗങ്ങള്‍ക്ക് നാട് ഭരിച്ച മറ്റൊരു സര്‍ക്കാറുകളും നല്‍കിയിട്ടില്ലന്നതും ഓര്‍ത്തു കൊള്ളണം.
വര്‍ഗ്ഗീയ കലാപങ്ങളുടെ കേന്ദ്രമായി കേരളം മാറാതിരിക്കുന്നത് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ശക്തമായ വലയം ഉള്ളതു കൊണ്ടാണ്. അല്ലാതെ ലീഗിന്റെ മിടുക്കു കൊണ്ടല്ല. ഇഡി പിടിമുറുക്കിയാല്‍ പേടിച്ച് ബി.ജെ.പി മുന്നണിയില്‍ ചേരാന്‍ പോലും ലീഗ് നേതൃത്വം മടിക്കില്ല. അത്രയേ ഒള്ളൂ അവരുടെ സമുദായം സ്നേഹം. എന്നാല്‍ സി.പി.എമ്മിനെ ആ കൂട്ടത്തില്‍ കൂട്ടേണ്ടതില്ല. അവസാന ശ്വാസം പോകും വരെയും സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാറിനെതിരെ പോരാടും. ചുവപ്പിന്റെ ചരിത്രവും അതു തന്നെയാണ്. പ്രത്യയ ശാസ്ത്രപരമായ എതിര്‍പ്പിനും മീതെയാണ് ആ പക.ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
അതു പോലെ തന്നെ രാജ്യത്ത് ഏറ്റവും അധികം ആര്‍.എസ്.എസുകാര്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും സി.പി.എം പ്രവര്‍ത്തകരാണ്. ഈ പട്ടികയില്‍ ഒന്നും തന്നെ ഒരു ലീഗുകാരന്റെ പേരും അടയാളപ്പെടുത്തിയിട്ടില്ല. ഇത്രയും കൊടിയ ത്യാഗം സഹിച്ചും ന്യൂനപക്ഷ സംരക്ഷണം കടമയായി കണ്ട് മുന്നോട്ടു പോകുന്ന സി.പി.എമ്മിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നത് ദുരുദ്ദേശപരമാണ്. ഇതിനു പിന്നില്‍ പാണക്കാട് കുടുംബത്തിന് മറ്റു വല്ല അജണ്ടയും ഉണ്ടോ എന്നതും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
EXPRESS KERALA VIEW