എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു

എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു
എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു. കെഎസ്ഇബിയിലെ പുനഃസംഘടനയുടെ പേരില്‍ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി ഒരൊറ്റ ഒഴിവ് പോലും പിഎസ് സിയെ അറിയിച്ചില്ല. 2009 മുതലുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ പിഎസ് സി നിയമനത്തില്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 922 പേര്‍. ഇതില്‍ 773 പേര്‍ക്ക് നിയമനം കിട്ടി.

2016-ല്‍ ആണ് പിന്നീട് മെയിന്‍ ലിസ്റ്റ് വന്നത്. അതില്‍ 969 പേരുണ്ടെങ്കിലും നിയമനം വെറും 392 ആയി ചുരുങ്ങി. തീര്‍ന്നില്ല, കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷയില്‍ ഇതുവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് വെറും 383 പേരെയാണ്. അതായത് ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നര്‍ത്ഥം. ഈ 383 പേരുടെ പട്ടിക മെയിന്‍ ലിസ്റ്റ് ആകുമ്പോള്‍ കുറേ കുറയും. അതില്‍ തന്നെ നിയമനം കിട്ടുന്നവരുടെ എണ്ണം 2009-നെ അപേക്ഷിച്ച് മൂന്നിലൊന്ന് പോലും ഉണ്ടാകില്ലെന്ന് ഉറപ്പ്. ഇനി സബ് എഞ്ചിനീയര്‍മാരുടെ കാര്യം നോക്കാം. 2011-ലേത് പ്രകാരം 899 പേരുടെ മെയിന്‍ ലിസ്റ്റ്. അതില്‍ 631 പേര്‍ക്ക് നിയമനം കിട്ടി.

പത്ത് വര്‍ഷത്തിന് ശേഷം അടുത്ത പട്ടിക വന്നു. അതില്‍ 941 ഉണ്ടെങ്കിലും അഡൈ്വസ് മെമ്മോ കിട്ടിയത് വെറും 217 പേര്‍ക്ക്. 700 ഒഴിവുകള്‍ സബ് എഞ്ചിനീയര്‍മാരുടേതായി ഉണ്ടെങ്കിലും 2011-നെ അപേക്ഷിച്ച് മൂന്നിലൊന്ന് പോലും കിട്ടില്ലെന്ന് ഉറപ്പായി. എല്ലാം നടക്കുന്നത് പുനഃസംഘടനയുടെ മറവിലാണ്. പുനഃസംഘടന എന്ന് തീരുമെന്ന് ആര്‍ക്കുമറിയില്ല. പിഎസ് സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാകുമോ എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം.

Top