തിരുവനന്തപുരം: പൊതുപരീക്ഷാ ടൈം ടേബിൾ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം ഉയർന്നു വന്നു. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചിൽ റംസാൻ വ്രതമുണ്ടെന്നതു പരിഗണിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ നിശ്ചയിച്ചതെന്ന വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്.
ALSO READ: എസ്എസ്എൽസി, ഹയർ സെക്കൻഡറി തീയതി പ്രഖ്യാപിച്ചു
ശനിയാഴ്ചകളിൽ പരീക്ഷ ക്രമീകരിച്ചതിലും എതിർപ്പ് ശക്തമായി. റംസാൻ വ്രതം മാർച്ച് ആദ്യവാരം ആരംഭിക്കുമെന്നതിനാൽ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ പരീക്ഷയെഴുതേണ്ടിവരുന്നത് നോമ്പ് ആചരിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ. ചൂണ്ടിക്കാട്ടി. ടൈംടേബിൾ പുനഃക്രമീകരിക്കണമെന്ന് പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവശ്യപ്പെട്ടു. 4.28 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷ സമയ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും വൻ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.