തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകൾ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേൽ തീരുമാനം എടുക്കുന്നതിനുള്ള പൊതു തെളിവെടുപ്പാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്താൻ പോകുന്നത്.
നേരത്തെ 2023 നവംബർ 01 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് ശേഷം 2024 ജൂലൈ 01 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ നൽകാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു. കെഎസ്ഇബി ഇത് സംബന്ധിച്ച നിർദേശം റെഗുലേറ്ററി കമ്മീഷൻ നൽകി. ഇതിന്റെ കോപ്പി www.erckerala.org എന്ന വെബ്സൈറ്റിൽ നിന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാം. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്.
പൊതുജനങ്ങളുടെയും മറ്റ് തത്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബർ 3, 4, 5, 10 തീയതികളിലായിരിക്കും നടക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോം, 4ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 5ന് രാവിലെ 10.30ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാൾ, 10ന് രാവിലെ 10.30ന് തിരുവനന്തപുരം പിഎംജിയിലെ പ്രിയ ദർശിനി പ്‌ളാനിറ്റോറിയം കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, മറ്റ് എല്ലാ കക്ഷികൾക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
തപാൽ /ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ സെപ്റ്റംബർ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.