തിരുവനന്തപുരം: സംസ്ഥാന സർക്കാറിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങളുടെയും വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നേതൃത്വത്തിൽ കെ-ഷോപ്പി ഇ-കോമേഴ്സ് പോർട്ടലിന് തുടക്കമായി.
കെൽട്രോണിന്റെ സഹായത്തോടെ ബി.പി.ടി (ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ)യുടെ മേൽനോട്ടത്തിലാണ് പോർട്ടൽ തയാറാക്കിയത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് പരമ്പരാഗത ഉൽപന്നങ്ങളുടെ ദൃശ്യപരതയും ബ്രാൻഡ് മൂല്യവും വർധിപ്പിക്കുകയാണു ലക്ഷ്യം. പരമ്പരാഗത ഉൽപന്നങ്ങളുടെ വിൽപന പ്രാദേശിക വിപണികൾക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോർട്ടലിന്റെ ഉദ്ദേശ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം ലഭിക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അർഹമായ നേട്ടങ്ങൾ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓൺലൈൻ പ്ലാറ്റ്ഫോം സഹായകമാകുമെന്ന് സർക്കാർ വിശദീകരിക്കുന്നു. മന്ത്രി പി. രാജീവ് മുന്നോട്ടു വെച്ച ആശയം വ്യവസായ വകുപ്പ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ (ബി.പി.ടി) എന്നിവയുടെ നേതൃത്വത്തിലാണ് യാഥാർഥ്യമാക്കിയത്.
Also Read:ശതകോടീശ്വരൻമാരുടെ പട്ടികയിൽ എം.എ. യൂസഫലി
കെൽട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയർ വിഭാഗമാണ് വെബ് ആപ്ലിക്കേഷനും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്. നിലവിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപ്പന്നങ്ങൾ kshoppe.in ൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോർട്ടലിന്റെ സുഗമ പ്രവർത്തനവും വികസനവും മെയിന്റനൻസും കെൽട്രോൺ ഉറപ്പാക്കും.
ഭാവിയിൽ, പോർട്ടലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉൽപന്ന ശ്രേണി വിപുലീകരിക്കും. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, വ്യക്തിഗത ഷോപ്പിങ് അനുഭവങ്ങൾ, അനലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്സ് പോർട്ടലായി kshoppe.in വികസിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.