പത്തനംതിട്ട: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് പരസ്യ ഭീഷണി മുഴക്കി കെപിസിസി സെക്രട്ടറി. സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാല്‍ ലാത്തിച്ചാര്‍ജ് നടത്തിയ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത് തന്തയില്ലായ്മയാണ്. വേണ്ടിവന്നാല്‍ സഹകരണ രജിസ്ട്രാര്‍ ഓഫീസ് തല്ലിത്തകര്‍ക്കും. അധികാരം ലഭിച്ചാല്‍ തിരിച്ച് കണക്ക് ചോദിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പണി നിര്‍ത്തി എസ്എഫ്‌ഐക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകട്ടെ എന്നും കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പരിഹസിച്ചു. സിപിഒ ശ്രീരാജിന്റെ പത്തനംതിട്ടയിലെ വീടിനു മുന്നിലേക്ക് ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം.