മുംബൈ: സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും കളക്ടറുടെ ചേംബര്‍ കൈയേറിയതിനും നടപടി നേരിട്ട ഐ.എ.എസ്. ഉദ്യോഗസ്ഥ ഡോ. പൂജ ഖേദ്കറിനെതിരേയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണവും.
സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ് യുവതി സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. 2022 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍. കഴിഞ്ഞ ദിവസമാണ് ഇവരെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയത്.
പുണെ അസി. കളക്ടറായിരുന്ന ഡോ. പൂജ ഖേദ്കർ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന ആരോപണമാണ് ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭിന്നശേഷിക്കാരിയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു പൂജ ഖേദ്കറിന് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഇവര്‍ ഹാജരായില്ല. 2022 ഏപ്രിലിലായിരുന്നു ഈ സംഭവം.
ഇതിനുശേഷം അഞ്ചു തവണ കൂടി പരിശോധനയ്ക്ക് ഹാജരാകാന്‍ പൂജയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് യുവതി ഹാജരാക്കിയെന്നാണ് വിവരം. ഇതിനുശേഷമാണ് സര്‍വീസില്‍ പ്രവേശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് യുവതി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് കൈക്കലാക്കിയെന്നാണ് ആരോപണം.ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്.
എന്നാല്‍, പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനമായി നേരത്തെ കാണിച്ചിരുന്നത് 49 ലക്ഷം രൂപയാണെന്നും ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി നൂറുകോടി രൂപയ്ക്ക് മുകളിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.