CMDRF

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി

ഒക്ടോബർ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി

ഡൽഹി: ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ ആര്‍എസ്എസ് നേതാവ് വിഡി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഒക്ടോബർ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചത്. രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് അഞ്ചിനായിരുന്നു രാഹുലിന്റെ പരാമർശം. ഏപ്രിലില്‍ സത്യകി കോടതിയെ സമീപിച്ചു.

സവര്‍ക്കറുടെ പേരിനു കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തെറ്റായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി മനഃപൂർവം ഉന്നയിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. സവര്‍ക്കറും അദ്ദേഹത്തിന്റെ നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്‌ലിമിനെ മര്‍ദ്ദിച്ചതായും അതില്‍ അവര്‍ക്ക് സന്തോഷം തോന്നിയെന്നും സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലെ പ്രസംഗത്തിനിടെ പറഞ്ഞതായി സത്യകി സവര്‍ക്കര്‍ തന്റെ ഹർജിയിൽ പറയുന്നു. ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി ആരോപിക്കുന്നത്.

സവർക്കർ എന്ന കുടുംബപ്പേരിനെ അപകീർത്തിപ്പെടുത്താനും കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നു. നിയമപ്രകാരം രാഹുലിനെ വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Top