13 വര്‍ഷത്തെ തർക്കം; പൂനെയിലെ ‘ബര്‍ഗര്‍ കിംഗ്’ന് പേര് മാറ്റണ്ട

13 വര്‍ഷത്തെ തർക്കം; പൂനെയിലെ ‘ബര്‍ഗര്‍ കിംഗ്’ന് പേര് മാറ്റണ്ട
13 വര്‍ഷത്തെ തർക്കം; പൂനെയിലെ ‘ബര്‍ഗര്‍ കിംഗ്’ന് പേര് മാറ്റണ്ട

ട്രേഡ് മാര്‍ക്ക് സംബന്ധിച്ച തര്‍ക്കത്തില്‍ അമേരിക്കന്‍ ഭക്ഷ്യ ശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിംഗിനെതിരെ വിജയിച്ച് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റൊറന്റ്. അമേരിക്കന്‍ കമ്പനിയായ ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തിലാണ് പൂനെയിലെ റെസ്റ്റൊറന്റ് കോടതിയിൽ വിജയം നേടിയത്. ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ച് അമേരിക്കന്‍ കമ്പനി നല്‍കിയ ഹര്‍ജി ഓഗസ്റ്റ് 16ന് ജില്ലാ കോടതി തള്ളി. ‘ബര്‍ഗര്‍ കിംഗ്’ എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പൂനെയിലെ റെസ്റ്റൊറന്റിനെ തടയണം എന്നാവശ്യപ്പെട്ടാണ് അമേരിക്കന്‍ കമ്പനി കേസ് നല്‍കിയത്.

ജില്ലാ ജഡ്ജി സുനില്‍ വേദ് പഥക് ആണ് കേസിൽ വിധി പറഞ്ഞത്. ‘ബര്‍ഗര്‍ കിംഗ്’ എന്ന പേര് ഉപയോഗിക്കുന്നതില്‍നിന്ന് സ്ഥിരമായി വിലക്കണമെന്നാവശ്യപ്പെട്ട് 2011ലാണ് ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍ പൂനെയിലെ റെസ്റ്റൊറന്റിന്റെ ഉടമകളായ അനാഹിതയ്ക്കും ഷാപൂര്‍ ഇറാനിക്കുമെതിരേ കേസ് ഫയല്‍ ചെയ്തത്. പൂനെയിലെ റെസ്റ്റൊറന്റ് ‘ബര്‍ഗര്‍ കിംഗ്’ എന്ന പേര് ഉപയോഗിക്കുന്നത് തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്ത ദോഷം വരുത്തുന്നുണ്ടെന്നും അവര്‍ പരാതിയില്‍ ആരോപിച്ചു.

നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 1992 മുതല്‍ പൂനെയില്‍ ‘ബര്‍ഗര്‍ കിംഗ്’ എന്ന പേരില്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതേസമയം അമേരിക്കന്‍ സ്ഥാപനം 2014ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേര്‍ന്നതെന്നും കോടതി നിരീക്ഷിച്ചു. റെസ്‌റ്റൊറന്റിന് ബര്‍ഗര്‍ കിംഗിന് എന്ന് പേരു നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ എങ്ങനെ ആശയക്കുഴപ്പത്തിലാകുമെന്നത് സംബന്ധിച്ച് പരാതിക്കാര്‍ തങ്ങളുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമായി 13,000 ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റുകള്‍ ബര്‍ഗര്‍ കിംഗിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പൂനെയിലെ സ്ഥാപനം ആ പേര് നല്‍കുന്നത് തങ്ങളുടെ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ആഗോള പ്രശസ്തി നശിപ്പിക്കുമെന്നും അവര്‍ കോടതിയില്‍ വാദിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ബിസിനസിലൂടെ തങ്ങളുടെ ബ്രാന്‍ഡ് സൽപേര് നേടിയെടുത്തുണ്ടെന്നും എന്നാല്‍ സമാനമായ ഈ ട്രേഡ് മാര്‍ക്ക് മറ്റൊരു സ്ഥാപനം ഉപയോഗിക്കുന്നത് ശരിയല്ലെന്നും തങ്ങള്‍ക്ക് ഹാനികരമാകുമെന്നും അമേരിക്കന്‍ കമ്പനി കോടതിയില്‍ അവകാശപ്പെട്ടു.

തങ്ങളെപ്പോലെ നിയമാനുസൃതമായി ബിസിനസ് നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേസ് ഫയല്‍ ചെയ്തതെന്ന് പൂനെ റെസ്റ്റൊറന്റിന്റെ ഉടമകള്‍ കോടതിയില്‍ വാദിച്ചു. തങ്ങള്‍ പീഡനവും ഭീഷണിയും നേരിട്ടതായും നിയമനടപടികള്‍ മൂലമുണ്ടായ മാനസിക പീഡനത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

Top