CMDRF

ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത്തിനെ അവസാന സീസണില്‍ മുംബൈ നായകസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു

ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്
ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

ന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പല വമ്പൻ താരങ്ങളും കൂടുമാറാനുള്ള സാധ്യത ഇത്തവണ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനായ രോഹിത് ശർമയും ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ എല്ലാ ഫ്രാഞ്ചൈസികളും സജീവമായി രംഗത്തുണ്ട്. സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിൽ രോഹിത്തിന് വേണ്ടി ഭീമൻ തുക മുടക്കാനും ടീമുകൾ തയ്യാറാണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രോഹിത് അടുത്ത സീസണിൽ നായകനായി പഞ്ചാബ് കിങ്‌സിന്റെ തട്ടകത്തിലെത്തിയേക്കുമെന്നാണ് സൂചനകൾ.

Also Read:സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറുമോ? റിപ്പോർട്ടുകൾ

പഞ്ചാബ് ടീമിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇതുസംബന്ധിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. പഞ്ചാബ് കിങ്‌സിന്റെ ക്രിക്കറ്റ് ഡെവലപ്‌മെന്റ് മേധാവി സഞ്ജയ് ബംഗാറാണ് രോഹിത് ശർമ്മയെ നോട്ടമിടുന്നുണ്ടെന്ന നിർണായക വിവരം പുറത്തുവിട്ടത്.’പഞ്ചാബ് കിങ്‌സിന്റെ പോക്കറ്റിലെ പണത്തിനെ ആശ്രയിച്ചായിരിക്കും രോഹിത്തിനെ ക്യാംപിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. രോഹിത് ലേലത്തിനെത്തിയാൽ അദ്ദേഹത്തിന് വേണ്ടി വലിയ തുക തന്നെ മുടക്കേണ്ടിവരുമെന്ന് ഉറപ്പാണ്’, ബംഗാർ ഒരു യുട്യൂബ് ചാനലിൽ സംസാരിക്കവെ വെളിപ്പെടുത്തി.

അവസാന സീസണിൽ ശിഖർ ധവാനായിരുന്നു പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റൻ, എന്നാൽ പരിക്കുമൂലം പല മത്സരങ്ങളും ധവാന് നഷ്ടമായിരുന്നു. ഇപ്പോൾ ആഭ്യന്തരക്രിക്കറ്റിൽ നിന്നും ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ആ റോളിലേക്ക് രോഹിത് ശർമ്മയെ എത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.അതേസമയം പഞ്ചാബ് കിങ്‌സിനൊപ്പം കൂടാൻ രോഹിത് തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ടീമിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ടീം മാനേജ്‌മെന്റിനിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Rohith Sharma, Dhawan

അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത്തിനെ അവസാന സീസണിൽ മുംബൈ നായകസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. രോഹിത്തിന് ഇതിൽ അതൃപ്തിയുണ്ടായിരുന്നെന്നും അടുത്ത സീസണിൽ രോഹിത് മുംബൈ വിടുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുംബൈയുടെ നായകനായി അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് ശർമ്മ ഐപിഎൽ മുൻ ടീമായ ഡെക്കാൻ ചാർജേഴ്സിനൊപ്പവും ഒരു കിരീടമുണ്ട്.2011ൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന രോഹിത് ശർമ്മ 13 വർഷമായി മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ നായകമാറ്റം താരത്തെ മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിപ്പിച്ചെന്നാണ് വിലയിരുത്തൽ.

Top