ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ ദിവസം തന്നെ റഷ്യയിലെ കുർസ്‌കിൽ ഉത്തരകൊറിയൻ സൈന്യവും യുക്രെയ്ൻ സേനയും തമ്മിൽ ഏറ്റുമുട്ടിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം യുക്രെയ്ൻ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, യുദ്ധത്തിൽ ഉത്തരകൊറിയയുടെ പങ്കാളിത്തം വർദ്ധിച്ചതിന്റെ സൂചനയായി വിദഗ്ധർ ഇതിനെ വിലയിരുത്തുന്നു. അമേരിക്കയുടെ തലപ്പത്തേയ്ക്ക് ട്രംപ് വന്നതോടെ, റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് റഷ്യയോടുള്ള സമീപനത്തിന് അയവ് വന്നേക്കും. താൻ പ്രസിഡന്റായാൽ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചരണ ഘട്ടത്തിൽ ട്രംപ് വോട്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു.
റഷ്യയുമായി ഒരു ഏറ്റുമുട്ടലിന്റെ അവസ്ഥയിലേക്ക് ഒരിക്കലും അമേരിക്ക പോകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ട്രംപ്. മാത്രമല്ല റഷ്യൻ പ്രസിഡന്റ് പുടിനോട് ട്രംപിന് സൗഹൃദവും ആണുള്ളത്. ട്രംപ് വിജയിച്ച ദിവസം തന്നെ അമേരിക്കയുടെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നാണ് പുടിൻ ട്രംപിനെ വിശേഷിപ്പിച്ചതെന്നതും ലോകം മുഴുവനും ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു. ഇതു തന്നെയാണ് ഇപ്പോൾ യുക്രെയ്‌നെ ആശങ്കപ്പെടുത്തുന്നതും.
Also Read: അനധികൃത കുടിയേറ്റം : വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ
അതിനാൽ തന്നെ ട്രംപിന്റെ വിജയത്തോടെ അമേരിക്കയിൽ നിന്ന് കൂടുതൽ ശക്തമായ ഉഭയകക്ഷി പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നതായി സെലൻസ്‌കി എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ തന്നെ യുക്രെയിന് ആയുധങ്ങൾ നൽകിയതു മൂലം അമേരിക്കയുടെ ആയുധ കലവറ ശൂന്യമായതായി ട്രംപ് തുറന്നടിച്ചിരുന്നു.
എന്നാൽ, റഷ്യയുമായുള്ള പുതിയ തന്ത്രപരമായ പങ്കാളിത്തത്തിൽ ഉത്തര കൊറിയ ഇപ്പോൾ ധൈര്യത്തിലാണ്. യുക്രേനിയൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് നൽകിയ വിശദീകരണങ്ങളിൽ പറയുന്നതനുസരിച്ച്, ഉത്തരകൊറിയൻ സൈന്യം നേരിട്ട് സമരം ചെയ്യുന്നതിന് പകരം, റഷ്യൻ യൂണിഫോം അണിഞ്ഞാണ് തങ്ങളുമായി യുദ്ധത്തിൽ ഏർപ്പെട്ടതെന്ന് പറയുന്നു. എന്നാൽ റഷ്യ ഒക്ടോബർ അവസാനത്തോടൊപ്പം 7,000-ലധികം ഉത്തരകൊറിയൻ സൈനികരെ യുക്രെയ്‌നിന്റെ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
Also Read: ട്രംപും സെലെൻസ്കിയും തമ്മിലുള്ള സംഭാഷണത്തിനിടയിൽ ഇലോൺ മസ്‌കും
അതേസമയം, യുക്രെയിനും റഷ്യയും തങ്ങളുടെ വ്യോമാക്രമണവും കര ഓപ്പറേഷനും ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ലഭിച്ച 6,987 ഷാഹിദ് ഡ്രോണുകളിൽ 2,023 എണ്ണം ഒക്ടോബറിൽ മാത്രം ഉപയോഗിച്ചു. ‘ഇതിൽ 1,185 എണ്ണം യുക്രേനിയൻ നശിപ്പിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
യുക്രെയിനെ സഹായിക്കാൻ നാറ്റോ സൈന്യം ഇറങ്ങിയാൽ ആണവായുധം പ്രയോഗിക്കുമെന്നതാണ് റഷ്യയുടെ നിലപാട്. റഷ്യ ആണവ മിസൈൽ പരീക്ഷണവും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും നടത്തിയതും തൊട്ടടുത്ത ദിവസങ്ങളിലാണ്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ട്രംപ് വന്നതോടെ റഷ്യയുടെ നിലപാടിലാണോ അതോ അമേരിക്കയുടെ നയത്തിലാണോ മാറ്റം വരിക എന്നത് ജനുവരി 20ന് ശേഷം അറിയാം.