റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭരണ തലപ്പത്ത് അഴിച്ചുപണിയുമായി വ്‌ലാദിമിര്‍ പുടിന്‍. അഴിച്ചുപണിയില്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗു പുറത്തായി. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിന് നേതൃത്വം നല്‍കിയ ഷൊയ്ഗു, പുടിന്റെ വിശ്വസ്തരില്‍ ഒരാളാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള മുന്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് പകരക്കാരനായി എത്തുമെന്നാണ് വിവരം. യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പുനഃസംഘടനയാണിത്.
മന്ത്രിസഭയിലെ പുടിന്റെ വിശ്വസ്തരില്‍ മുന്‍പന്തിയിലുള്ള നേതാവായിരുന്നു ഷൊയ്ഗു. പുടിന്‍ നടത്തുന്ന സൈബീരിയന്‍ യാത്രകളിലും ഏര്‍പ്പെടുന്ന വിനോദങ്ങളിലുമെല്ലാം ഷൊയ്ഗുവിനെയും കൂടെ കൂട്ടാറുണ്ടായിരുന്നു. അതിനാലാണ് ഷൊയ്ഗുവിന്റെ സ്ഥാനമാറ്റം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. അതേസമയം, യുക്രെയ്ന്‍ അധിനിവേശവും പ്രിഗോഷിന്റെ അട്ടിമറി ശ്രമവുമെല്ലാം ഷൊയ്ഗുവിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. കൂടാതെ,കഴിഞ്ഞ മാസമാണ് വലിയ തോതിലുള്ള അഴിമതി നടത്തിയെന്നാരോപിച്ച് ഷൊയ്ഗുവിന്റെ അടുത്തയാളായ ടിമൂര്‍ ഇവാനോവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുന്നത്. നിലവിലുണ്ടായിരിക്കുന്ന ചീത്തപ്പേരുകളില്‍നിന്ന് ഷൊയ്ഗുവിന്റെ മുഖം രക്ഷിക്കാന്‍ പുടിന്‍ നടത്തുന്ന ശ്രമമായും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. റഷ്യയുടെ യുദ്ധച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാലാണ് പ്രതിരോധ മന്ത്രാലയത്തെ നയിക്കാന്‍ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ ബെലോസോവിനെ നിയമിക്കാന്‍ പുടിന്‍ തീരുമാനിച്ചതെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്.
റഷ്യയുടെ ശക്തമായ സുരക്ഷാ കൗണ്‍സിലിന്റെ മേധാവിയായി ഷൊയ്ഗു സ്ഥാനം ഏറ്റെടുക്കാന്‍ പുടിന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ് ഷൊയ്ഗു. അടിയന്തര സേവനവിഭാഗം മന്ത്രിയായിരുന്ന അദ്ദേഹം 2012ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014ല്‍ യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുക്കുന്നതിലൂടെയാണ് ഷൊയ്ഗു കൂടുതല്‍ സ്വീകാര്യനാകുന്നത്. റഷ്യന്‍ സൈന്യത്തിന്റെ നവീകരണമെല്ലാം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.