മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഇന്ന് ഉത്തര കൊറിയ സന്ദര്‍ശിക്കും. 24 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പുടിന്‍ ഉത്തര കൊറിയയിലെത്തുന്നത്. 2000 ജൂലൈയിലാണ് പുടിന്‍ അവസാനമായി ഉത്തര കൊറിയ സന്ദര്‍ശിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സന്ദര്‍ശനം.
നേരത്തേ പുടിന്റെ സന്ദര്‍ശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും എതിര്‍പ്പിനെ മറികടന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനം.
അതിനിടെ റഷ്യയും ഉത്തരകൊറിയയും സുരക്ഷാ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് പുടിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. കരാര്‍ മറ്റൊരു രാജ്യത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം മേഖലയില്‍ കൂടുതല്‍ അസ്ഥിരതക്ക് കാരണമാകുമെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുര്‍ട്ട് കാംബെല്‍ തന്റെ ദക്ഷിണ കൊറിയന്‍ പ്രതിനിധി കിം ഹോങ്-ക്യുനിനെ അറിയിച്ചിരുന്നു.
ദക്ഷിണ കൊറിയയും ആശങ്കയോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരകൊറിയയ്ക്ക് ശേഷം ജൂണ്‍ 19, 20 തീയതികളില്‍ പുടിന്‍ വിയറ്റ്‌നാം സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.