മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം മയപ്പെടുത്തി പി.വി. അൻവർ. രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് പി വി അൻവർ. തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെതിരെ സംസാരിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിച്ചാണ് അൻവർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, ഇ.ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചു. ആ പാവത്തിന്റെ ചെവിയിൽ ഇവിടെയുള്ളവർ പറഞ്ഞു കൊടുത്തതാണ് ഇങ്ങനെ പറയാൻ. എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശം നടത്തിയതുകൊണ്ടാണ് രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിശദീകരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണുള്ളതെന്നും അൻവർ പറഞ്ഞു.
ജവഹർലാൽ നെഹ്റു അന്തിയുറങ്ങിയ വീടാണ് തന്റേത്. രാജീവ് ഗാന്ധി 1991ൽ കേരളത്തിൽ വന്നപ്പോൾ തന്‍റെ വാപ്പയുടെ കാറിലായിരുന്നു സഞ്ചരിച്ചത് എന്ന ഓർമയും പങ്കുവച്ചു. മരിക്കുന്നതിനു 14 ദിവസം മുൻപായിരുന്നു അത്. മഞ്ചേരിയിൽ കരുണാകരനും ആന്റണിയും കാറുമായി കാത്തുനിന്നിട്ടും രാജീവ് ഗാന്ധി കയറിയത് വാപ്പയുടെ കാറിലായിരുന്നു.
കോൺഗ്രസിന്‍റെ അടിസ്ഥാനപരമായ തത്വങ്ങളിൽ വ്യതിയാനം വന്നതോടെയാണ് പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നത്. ആ സെക്യുലർ പാർട്ടി നിലപാട് നഷ്ടമാക്കി. വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസിനും ബിജെപിക്കും അടിയറവ് പറഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയിൽ താൻ ഉണ്ടാകില്ലെന്നും അൻവർ പറഞ്ഞു.