വിര്‍ജിന്‍ ആസ്‌ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം

കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേസ് വാങ്ങുന്നത്

വിര്‍ജിന്‍ ആസ്‌ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം
വിര്‍ജിന്‍ ആസ്‌ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം

ദോഹ: വിര്‍ജിന്‍ ആസ്‌ട്രേലിയയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തര്‍ എയര്‍വേസിന്റെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ആസ്‌ട്രേലിയയിലെ പ്രധാന വിമാന കമ്പനികളിലൊന്നാണ് വിര്‍ജിന്‍. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേസ് വാങ്ങുന്നത്. വിര്‍ജിന്‍ ആസ്‌ട്രേലിയ ഉടമസ്ഥരായ ബെയിന്‍ ക്യാപിറ്റലില്‍ നിന്ന് വാങ്ങുന്നത് സംബന്ധിച്ച് ഖത്തര്‍ എയര്‍വേസ് ധാരണയില്‍ എത്തി. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് റിവ്യൂ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാര്‍ യാഥാര്‍ഥ്യമാകും.

ഖത്തര്‍ എയര്‍വേസുമായുള്ള സഹകരണം ആസ്‌ട്രേലിയയുടെ വ്യോമയാന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിര്‍ജിന്‍ ആസ്‌ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു. ബ്രിസ്‌ബെയിന്‍, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് സര്‍വിസുകള്‍ നടത്താന്‍ കമ്പനിക്ക് കഴിയും.

നേരത്തെ ആസ്‌ട്രേലിയക്കുള്ളില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ ഖത്തര്‍ എയര്‍വേസ് പല വട്ടമായി ശ്രമം നടത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഖത്തര്‍ എയര്‍വേസും വിര്‍ജിന്‍ ആസ്‌ട്രേലിയയും തമ്മില്‍ നിലവില്‍ കോഡ് ഷെയര്‍ അടക്കമുള്ള സഹകരണം തുടരുന്നുണ്ട്.പുതിയ നിക്ഷേപം ഏവിയേഷന്‍ മേഖലയിലെ മത്സരം വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കാനും കാരണമാകുമെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ വ്യക്തമാക്കി.

Top