ദോഹ: മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു.
അതേസമയം ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിട്ടില്ലെങ്കിലും പകൽ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകൾ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണനയാണ് ഖത്തർ നൽകുന്നതെന്നും അതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.