ഖത്തർ: അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിന്ന് പിൻമാറി ഖത്തർ. 10 ദിവസം മുൻപ് ഇതു സംബന്ധിച്ച നിർദേശം ഖത്തർ ഹമാസിന് നൽകിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഖത്തർ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവശ്യം നടപ്പിലാക്കാത്ത ഹമാസിന്റെ നേതാക്കൾക്ക് ഇനി അഭയം നൽകേണ്ടതില്ലെന്നാണ് നിലപാട്. എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ അമേരിക്കൻ സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു.
Also Read: ട്രംപ് പുടിനുമായി കൈക്കോർക്കുമോ?
അതേസമയം, ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ അമേരിക്കയ്ക്കും ഈജിപ്തിനുമൊപ്പം ഖത്തറും മധ്യസ്ഥ ചർച്ചകളുടെ ഭാഗമാണ്. ഒക്ടോബറിൽ ഇടക്കാല വെടിനിർത്തൽ നീക്കങ്ങളിൽ നടന്ന മധ്യസ്ഥ ചർച്ചകളെ ഹമാസ് തള്ളിയതാണ് ഏറ്റവും ഒടുവിൽ അമേരിക്കയെ പ്രകോപിപ്പിച്ചത്. അമേരിക്കയോട് സഹകരണമുള്ള രാജ്യങ്ങൾ ഹമാസ് നേതാക്കൾക്ക് അഭയം നൽകേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.