ദോഹ: മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കടലിലേക്ക് പോകുന്നവര്‍ക്കും മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുറംകടലിലെ ഓയില്‍ പ്ലാന്റുകള്‍ക്ക് സമീപത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് കനത്ത പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മാരിടൈം പെട്രോളിയം, ഗ്യാസ് ഇന്‍സ്റ്റലേഷനുകളുടെ സംരംക്ഷണം സംബന്ധിച്ച 2004ലെ നിയമ പ്രകാരം സംരക്ഷിത മേഖലകളിലേക്ക് അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെ ഓര്‍മിപ്പിച്ചു. ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം, 500 മീറ്ററില്‍ താഴെയുള്ള ദൂരപരിധിക്കുള്ളില്‍ അനധികൃതമായി ആരും ഓഫ്ഷോര്‍ പ്ലാന്റുകളുടെ പ്രദേശത്തേക്ക് പോകരുത്.
ആര്‍ട്ടിക്കിള്‍ നാല് പ്രകാരം ഓഫ്ഷോര്‍ പ്ലാന്റുകളില്‍നിന്ന് 500 മീറ്ററില്‍ താഴെ മേഖലയില്‍ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഏതെങ്കിലും സാഹചര്യത്തില്‍ എണ്ണ, വാതക മേഖലയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും മൂന്നു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. ചിലപ്പോള്‍ ഇവ രണ്ടും ചുമത്തും.മനപ്പൂര്‍വമല്ലാത്ത അട്ടിമറി ശ്രമങ്ങള്‍ നടത്തിയാല്‍ രണ്ട് ലക്ഷം പിഴയും മൂന്നുവര്‍ഷം വരെ തടവും, ബോധപൂര്‍വമായ അട്ടിമറി പ്രവൃത്തികളുടെ ഭാഗമായാല്‍ അഞ്ചു ലക്ഷം റിയാല്‍ പിഴയും 20 വര്‍ഷം തടവുമാണ് ശിക്ഷ.