ദോഹ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബ സന്ദർശകർ, ബീച്ചിലെ സന്ദർശകർ എന്നിവർക്കെല്ലം അനുയോജ്യമായ വൈവിധ്യമാർന്ന അടിസ്ഥാന, വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ച് അധികൃതർ. സീലൈൻ മുതൽ അബൂ സംറ വരെ ഖത്തറിനെ ചുറ്റിയുള്ള തീരങ്ങളിൽ സന്ദർശകർക്ക് വിപുല സൗകര്യങ്ങളൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. നടപ്പാതകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, വോളിബാൾ ഗ്രൗണ്ടുകൾ, ഭക്ഷ്യ കൗണ്ടറുകൾ, ബി.ബി.ക്യു ഏരിയകൾ, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടങ്ങൾ, പ്രാർഥന സൗകര്യം, വിശ്രമമുറി, ഷവറുകൾ, നടപ്പാതകളിലും മറ്റിടങ്ങളിലുമുള്ള വിളക്കുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും.
അൽ ഷമാൽ ബീച്ച്, അൽ യൂസിഫിയ ബീച്ച്, അൽ അരീഷ് ബീച്ച്, മാരിഹ് ബീച്ച്, റാസ് മത്ബഖ് ബീച്ച്, സിക്രീത്ത് ബീച്ച്, ദുഖാൻ ബീച്ച്, ഉം ഹിഷ് ബീച്ച്, ഉം ബാബ് ബീച്ച്, അൽ ഖറാഇജ് ബീച്ച്, അബൂ സംറ ബീച്ച്, അൽ മഫ്ജർ ബീച്ച്, അൽ ഗരിയ്യ പബ്ലിക് ബീച്ച്, ഫുവൈരിത് ബീച്ച്, അൽ മറൂന ബീച്ച്, അൽ ജസ്സാസിയ ബീച്ച്, അൽ മംലഹ ബീച്ച്, അരീദ ബീച്ച്, അൽ ഫർഖിയ ഫാമിലി ബീച്ച്, സാഫ് അൽ തൗക്ക് ബീച്ച്, റാസ് നൗഫ് ബീച്ച്, സിമൈസിമ ഫാമിലി ബീച്ച് എന്നീ ബീച്ചുകളിലാണ് മന്ത്രാലയത്തിന്റെ വൈവിധ്യമാർന്ന സേവനം നൽകിവരുന്നത്. കൂടാതെ റാസ് ബൂ അബൂദ് 974 ബീച്ച്, റാസ് അബൂ ഫുന്താസ്, അൽ വക്റ പബ്ലിക് ബീച്ച്, ഉം അൽ ഹൗൽ ഫാമിലി ബീച്ച്, സീലൈൻ പബ്ലിക് ബീച്ച് എന്നീ ബീച്ചുകളിലേക്കും മന്ത്രാലയം വിവിധ സേവനങ്ങൾ നൽകുന്നുണ്ട്.
50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള റാസ് ബു അബൂദ് 974 ബീച്ച് ദോഹയിൽനിന്നും കേവലം ഏഴ് കിലോമീറ്റർ മാത്രം ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ശനി, ചൊവ്വ എന്നീ ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും 974 ബീച്ചിലേക്ക് പ്രവേശനം. രാവിലെ ഏട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് ബീച്ചിന്റെ പ്രവർത്തന സമയം. വോളിബാൾ, നടപ്പാത, ഗ്രീൻ ഏരിയകൾ, ഭക്ഷണം കഴിക്കാൻ തണൽ വിരിച്ച സ്ഥലങ്ങൾ, ഭക്ഷ്യ കിയോസ്ക്കുകൾ, വിശ്രമമുറികളും ഷവറുകളും, ലൈറ്റിങ് തുടങ്ങി നിരവധി സേവനങ്ങളാണ് മന്ത്രാലയം ഈ ബീച്ചിൽ നൽകുന്നത്.
ദോഹയിൽനിന്നും 107 കിലോമീറ്റർ അകലെയുള്ള അൽ മംലഹ ബീച്ച് സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഷമാൽ മുനിസിപ്പാലിറ്റിയിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് ബീച്ച് തുറന്നുകൊടുക്കുക. ബി.ബി.ക്യു ഏരിയ, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടങ്ങൾ, ഭക്ഷ്യ കിയോസ്ക്കുകൾ, വിശ്രമമുറികൾ, ഷവറുകൾ, ലൈറ്റിങ് എന്നീ സേവനങ്ങൾ ഇവിടെയുണ്ട്. ദോഹയിൽനിന്ന് 53 കിലോമീറ്റർ അകലെയുള്ള 1,46,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് അൽ ഫർഖിയ ബീച്ച്. രാവിലെ ഒമ്പത് മുതൽ ഉച്ച വരെയാണ് ബീച്ച് തുറന്നു കൊടുക്കുക. 53 കിലോമീറ്റർ അകലെ തന്നെ സ്ഥിതി ചെയ്യുന്ന സാഫ് അൽ തൂക്ക് ബീച്ച് ഫാമിലി ബീച്ചിലും നിരവധി സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശന സമയം.