CMDRF

കോര്‍ണിഷിലെ ദുഗോങ് ശില്‍പം ഒഴിവാക്കുന്നതായി ഖത്തര്‍ മ്യൂസിയം

കോര്‍ണിഷിലെ ദുഗോങ് ശില്‍പം ഒഴിവാക്കുന്നതായി ഖത്തര്‍ മ്യൂസിയം
കോര്‍ണിഷിലെ ദുഗോങ് ശില്‍പം ഒഴിവാക്കുന്നതായി ഖത്തര്‍ മ്യൂസിയം

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പ് ആരവങ്ങള്‍ക്കിടയിലെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നായ ദോഹ കോര്‍ണിഷിലെ കൂറ്റന്‍ ദുഗോങ് ശില്‍പം നാടുനീങ്ങാനൊരുങ്ങുന്നു. 24 മീറ്റര്‍ ഉയരവും 32 മീറ്റര്‍ നീളവുമുള്ള ശില്‍പം കോര്‍ണിഷില്‍നിന്ന് ഒഴിവാക്കുന്നതായി ഖത്തര്‍ മ്യൂസിയം പ്രഖ്യാപിച്ചു. അമേരിക്കന്‍ കലാകാരനായ ജെഫ് കൂണ്‍സ് രൂപകല്‍പന ചെയ്ത കൂറ്റന്‍ ശില്‍പം ഒന്നര വര്‍ഷമായി ദോഹയിലെ മസ്റ പാര്‍ക്കില്‍ കണ്‍കുളിര്‍മയുള്ള കാഴ്ചയായിരുന്നു. കടലില്‍ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടല്‍പ്പശു (ഡുഗോങ്). 7,500 വര്‍ഷങ്ങള്‍ക്കുമുമ്പ് അറേബ്യന്‍ ഗള്‍ഫിലെ കടലിലാണ് ദുഗോങ്ങുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തീരദേശ മലിനീകരണവും കടല്‍ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും കാരണം ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഖത്തറിന്റെ ഉപദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളില്‍ വസിച്ചിരുന്ന പുരാതന സമുദ്ര സസ്തനിയുടെ മാതൃകയില്‍ നിര്‍മിച്ച ശില്‍പം മികച്ച കാഴ്ചാനുഭവം പകരുന്നതിനൊപ്പം ഖത്തറി സംസ്‌കാരവും അന്താരാഷ്ട്ര കലാരംഗവും തമ്മിലുള്ള സമന്വയം സാധ്യമാക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു സ്ഥാപിച്ചത്. ലോകത്ത് ഇവയുടെ രണ്ടാമത്തെ വലിയ കൂട്ടം ഖത്തറിന്റെ സമുദ്ര പരിധിയിലാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ജലാശയങ്ങളില്‍ ഏകദേശം 600-700 ദുഗോങ്ങുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. എണ്ണം കുറഞ്ഞുവരുന്ന ജീവികളുടെ മാതൃക കലാരൂപത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഓര്‍മിക്കപ്പെടുന്നത്. ജെഫ് കൂണ്‍സ്, ലെബനന്‍ ആര്‍ട്ടിസ്റ്റ് സിമോണ്‍ ഫത്തല്‍, യായോയ് കുസാമ, ഷൗഖ് അല്‍ മന, ഷുവാ അലി തുടങ്ങിയ അന്തര്‍ദേശീയ, പ്രാദേശിക കലാകാരന്മാരുടെ 40ലധികം ഇന്‍സ്റ്റലേഷനുകളാണ് ലോകകപ്പ് ആരവത്തിനൊപ്പം ദോഹയിലെ സൂഖ് വാഖിഫ് മുതല്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. കാലാവസ്ഥ മാറ്റം ദുഗോങ്ങികളുടെ ഗരിമ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.

Top